ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നവരെ പ്രചാരണത്തിന് കിട്ടിയില്ല, രാഹുലിന്റെ വരവ് മാത്രം മെച്ചമായി; കോണ്‍ഗ്രസില്‍ അഴിച്ചുപണി വേണമെന്ന് സുധാകരന്‍

നിയമസഭാ തെരഞ്ഞടുപ്പിനായുള്ള യുഡിഎഫിന്റെ പ്രചാരണത്തില്‍ പോരായ്മകള്‍ ഉണ്ടായതായി തുറന്ന് സമ്മതിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. സംഘടനാതലത്തില്‍ കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യമാണെന്നും ആജ്ഞാശക്തിയുള്ളവര്‍ നേതൃസ്ഥാനത്തേക്ക് വരണമെന്നും സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച്ച വരുത്തിയവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വീഴ്ച്ച വരുത്തിയവരെ കണ്ടെത്തി അവരെ നേതൃസ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് സുധാകരന്‍ അഭിമുഖത്തിനിടെ പറഞ്ഞു. ഇതിനായി കെപിസിസി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുധാകരന്‍ ഉന്നയിച്ചത്. മുസ്ലീം ലീഗിലെ പല നേതാക്കളും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായില്ല. കുഞ്ഞാലിക്കുട്ടി മാത്രമാണ് പ്രചാരണത്തിന് സജീവമായി ഇറങ്ങിതെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

പലയിടത്തും നേതാക്കളുടെ ഇഷ്ടക്കാരെ തെരഞ്ഞെടുപ്പിന്റെ ചുമതല ഏല്‍പ്പിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്നും സുധാകരന്‍ തുറന്ന് സമ്മതിച്ചു. ജനങ്ങളെ ആകര്‍ഷിക്കുന്നവരെ ആരെയും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കിട്ടിയില്ലെന്നും ആകെ രാഹുല്‍ ഗാന്ധിയുടെ വരവ് മാത്രമാണ് കോണ്‍ഗ്രസിന് ഗുണം ചെയ്തതെന്നും സുധാകരന്‍ വിലയിരുത്തി. രാഹുലിന്റെ വരവ് അവസാനനിമിഷം യുഡിഎഫിന് മേല്‍ക്കൈ നേടിക്കൊടുത്തെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷവും പാര്‍ട്ടിയില്‍ അഴച്ചുപണി വേണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. കെ മുരളീധരനോ കെ സുധാകരനോ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കണെന്ന് പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തവര്‍ തന്നെ പോസ്റ്ററുകളിലൂടെയും മറ്റും ആവശ്യപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *