നിയമപരമായ തുടര്‍നടപടി സ്വീകരിക്കാന്‍ ജലീലിന് അവകാശമുണ്ടെന്ന് കോടിയേരി; പാര്‍ട്ടിക്ക് തീരുമാനമെടുക്കാന്‍ സമയമായിട്ടില്ല

ലോകായുക്ത വിധിയില്‍ നിയമപരമായ തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രി കെടി ജലീലിന് അവകാശമുണ്ടെന്ന് സിപിഐഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. ലോകായുക്തയ്ക്ക് മുകളിലാണ് ഹൈക്കോടതി. ഹൈക്കോടതിക്ക് മുന്നില്‍ ഹര്‍ജി നല്‍കാനുള്ള അവകാശം കെടി ജലീലിനുണ്ട്. അതില്‍ യുക്തമായ തീരുമാനം അദ്ദേഹത്തിനെടുക്കാമെന്ന് കോടിയേരി വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ട്. നിയമവശങ്ങള്‍ പരിശോധിച്ച് ആവശ്യമായ തീരുമാനം സ്വീകരിക്കും. വിഷയത്തില്‍ പാര്‍ട്ടിക്ക് തീരുമാനമെടുക്കാനുള്ള സമയമായിട്ടില്ല. കൃത്യമായ സമയത്ത് എല്ലാ കാര്യവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

കസ്റ്റംസ് സ്പീക്കറുടെ ഓഫീസിലെത്തി വിവരശേഖരണം നടത്തിയെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. വിവരശേഖരണം നടത്താന്‍ ഏത് ഏജന്‍സിക്കും അവകാശമുണ്ട്. അതില്‍ തെറ്റില്ലെന്നും കോടിയേരി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ യുഡിഎഫില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ഉള്‍പ്പെടെ യുഡിഎഫ്-ബിജെപി ബാന്ധവം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പോലും അവരുടെ വോട്ടുകള്‍ നിലനിര്‍ത്താനാകുന്നില്ല. പലമണ്ഡലങ്ങളിലും കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചെന്ന് വ്യക്തമാണ്. എന്നാല്‍ ഈ കൂട്ടുകെട്ടിനെ അതിജീവിച്ച് എല്‍ഡിഎഫ് മികച്ച വിജയം നേടും. കോണ്‍ഗ്രസിനകത്ത് തര്‍ക്കം ആരംഭിച്ച് കഴിഞ്ഞതിന്റെ സൂചനയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഫലം വരുമ്പോള്‍ അത് ഉരുല്‍ പൊട്ടലാകും. ഈ അവിശുദ്ധ ബന്ധത്തെ മറികടന്ന് എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് കോടിയേരി വ്യക്തമാക്കി. വട്ടിയൂര്‍ക്കാവ് സംബന്ധിച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്നും മന്ത്രി ജി സുധാകരന്റെ പ്രതികരണം തെറ്റായ വാര്‍ത്തകള്‍ക്ക് എതിരെയാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *