ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനക്കേസ് ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ ഉത്തരവ്

ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനക്കേസ് ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ ഉത്തരവ്. വിരമിച്ച ജസ്റ്റിസ് എ കെ പട്‍നായികിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. സിബിഐ, ഐബി, ദില്ലി പോലീസ് എന്നിവര്‍ അന്വേഷണത്തിന് സഹായിക്കണം. അന്വേഷണ റിപ്പോര്‍ട്ട് സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.
രാവിലെ ഈ കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസിനെതിരെയുള്ള ഗൂഢാലോചനയില്‍ തന്നെ സ്വാധീനിക്കാന്‍ ഒന്നരക്കോടി വാഗ്ദാനം ചെയ്തതിന്‍റെ തെളിവ് എന്നവകാശപ്പെട്ട് ഒരു സീല്‍ വച്ച കവര്‍ അഭിഭാഷകന്‍ ഉത്സവ് ബെയ്‍ന്‍സ് സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു.
സത്യവാങ്മൂലത്തില്‍ വസ്തുതയുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. തെളിവുകളും അവകാശവാദങ്ങളും സത്യമാണോ എന്ന് പരിശോധിക്കണം. ഏകെ പട്നായിക് നല്‍കുന്ന ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കി അന്വേഷണം.
എന്നാല്‍ പരാതിക്കാരി ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച ലൈംഗിക പീഡനാരോപണം ഈ അന്വേഷണത്തിന്‍റെ പരിധിയില്‍ വരില്ല. നാളെ രാവിലെ മുതല്‍ ജസ്റ്റിസ് എസ് എ ബോബ്‍ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന് മുമ്ബാകെ പരാതിക്കാരി ഹാജരായി തെളിവ് നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
എന്തായിരുന്നു ഉത്സവ് ബെയ്‍ന്‍സ് ഉന്നയിച്ച ‘ഗൂഢാലോചന’ ആരോപണം?
അനുകൂല വിധി കിട്ടാതെ വന്ന ചില കോര്‍പ്പറേറ്റ് കമ്ബനികളുടെ പ്രതിനിധികള്‍ സുപ്രീംകോടതിയില്‍ നിന്ന് നേരത്തേ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണിതെന്നാണ് ഉത്സവ് ബെയ്‍ന്‍സിന്‍റെ സത്യവാങ്മൂലത്തിലുള്ളത്. ചീഫ് ജസ്റ്റിസിനെ രാജി വെപ്പിക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമായാണ് ഈ ലൈംഗികാരോപണം ഉയര്‍യത്തിയത്. തപന്‍ കുമാര്‍ ചക്രബര്‍ത്തി, മാനവ് ശര്‍മ എന്നിവരുടെ പേരുകള്‍ ഉത്സവ് ബെയ്‍ന്‍സ് എടുത്തു പറഞ്ഞിട്ടുണ്ട്. നേരത്തേ എറിക്സണ്‍ കമ്ബനി നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ അനില്‍ അംബാനി നേരിട്ട് ഹാജരാകണമെന്ന സുപ്രീംകോടതി ഉത്തരവ് തിരുത്തിയ കോര്‍ട്ട് മാസ്റ്ററും സ്റ്റെനോഗ്രാഫറുമാണ് തപന്‍ കുമാറും മാനവ് ശര്‍മയും.
ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പുതിയ സത്യവാങ്മൂലമായി സമര്‍പ്പിക്കാനാണ് ഉത്സവ് ബെയ്‍ന്‍സിനോട് കോടതി ആവശ്യപ്പെട്ടത്. ഈ ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകളുണ്ടെന്ന് പറഞ്ഞാണ് ഉത്സവ് ബെയ്ന്‍സ് കോടതിയില്‍ സത്യവാങ്മൂലം മുദ്ര വച്ച കവറില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ തെളിവ് നിയമത്തിന്‍റെ 126-ാം ചട്ടപ്രകാരം സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഉത്സവ് ബെയ്‍ന്‍സിന് അവകാശമില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കേസ് തുടങ്ങിയ ഉടന്‍ വാദിച്ചു. അഭിഭാഷകനും കക്ഷിയുമായി നടത്തിയ സംഭാഷണങ്ങളോ ആശയവിനിമയമോ, പ്രത്യേക സാഹചര്യങ്ങളില്ലാതെ വെളിപ്പെടുത്തേണ്ടതില്ലെന്ന് പറയുന്നതാണ് ഇന്ത്യന്‍ തെളിവു നിയമത്തിന്‍റെ 126-ാം ചട്ടം.
ഉത്സവ് ബെയ്‍ന്‍സ് പറയുന്നത് ആരോ ഒന്നരക്കോടിയുമായി തന്നെ സമീപിച്ചെന്നാണ്. സമീപിച്ച ‘ഫിക്സര്‍’മാര്‍ ഉത്സവിന്‍റെ കക്ഷികളല്ല. അതുകൊണ്ടു തന്നെ ഇന്ത്യന്‍ തെളിവു നിയമത്തിലെ ചട്ടത്തിന്‍റെ സംരക്ഷണം ഉത്സവിന് കിട്ടില്ല. ഉത്സവ് വിവരങ്ങള്‍ വെളിപ്പെടുത്തണം – എജി വാദിച്ചു. നേരത്തേ ആരാണ് വിവരങ്ങള്‍ നല്‍കിയെന്നത് വെളിപ്പെടുത്താനാകില്ലെന്ന് ബെയ്‍ന്‍സ് കോടതിയില്‍ വാദിച്ചിരുന്നു.
പിന്നീട് വാദിച്ച സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എന്ത് ചട്ടത്തിന്‍റെ സംരക്ഷണമുണ്ടായാലും കോടതിയ്ക്ക് വിവരങ്ങള്‍ വിളിച്ചു വരുത്താന്‍ അവകാശമുണ്ടല്ലോ എന്ന് ഓര്‍മിപ്പിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര ഇത് ശരിവയ്ക്കുകയും ചെയ്തു.
ഇതിനിടെ ഇടപെട്ട അഭിഭാഷക ഇന്ദിരാ ജയ്‍സിംഗ്, കോടതിയ്ക്കെതിരെ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊപ്പം പരാതിക്കാരി ഉന്നയിച്ച ലൈംഗികാരോപണവും അന്വേഷിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന നടപടിക്രമങ്ങള്‍, പരാതിക്കാരിക്ക് നീതി നിഷേധിക്കപ്പെടുന്നതാകാന്‍ സാധ്യതയുണ്ടെന്നും ഇന്ദിരാ ജയ്‍സിംഗ് വാദിച്ചു.
പരാതിയിലെ അന്വേഷണത്തെ ഈ ഗൂഢാലോചനക്കേസ് ഒരു തരത്തിലും വാദിക്കില്ലെന്ന് അപ്പോള്‍ സുപ്രീംകോടതി വീണ്ടും ആവര്‍ത്തിച്ചു. പരാതിയ്ക്കും മുകളില്‍ ഈ കേസില്‍ ഗൂഢാലോചനയുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുന്നതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ആവര്‍ത്തിച്ച്‌ വ്യക്തമാക്കി.
അഭിഭാഷക ഇന്ദിരാ ജയ്‍സിംഗ് വീണ്ടും ഉത്സവ് ബെയ്‍ന്‍സിനെ ചോദ്യം ചെയ്ത് രംഗത്തെത്തി. അഭിഭാഷകന്‍ എന്ന സ്റ്റിക്കര്‍ പോലുമില്ലാതെ കോടതി ഗേറ്റിന് മുന്നില്‍ ജാഗ്വര്‍ പോലുള്ള ആഢംബര കാറില്‍ എത്തിയ ഉത്സവ് ബെയ്ന്‍സിനെ പരിശോധനയില്ലാതെ സെക്യൂരിറ്റി കടത്തി വിട്ടതെങ്ങനെ? ബെയ്‍ന്‍സിന്‍റെ പിന്നിലാരെന്ന് അന്വേഷിക്കണമെന്നും ഇന്ദിരാ ജയ‍്‍സിംഗ് ആവശ്യപ്പെട്ടു.
ആരോപണങ്ങള്‍ ഗുരുതരം
ഇന്ദിരാ ജയ്സിംഗിന്‍റെ ആരോപണങ്ങള്‍ കേട്ട കോടതി, സുപ്രീംകോടതിയിലെ ബഞ്ചുകളെയും ജഡ്‍ജിമാരെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം വളരെ വളരെ ഗുരുതരമാണെന്ന് മറുപടി നല്‍കി. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്ബാദിക്കാന്‍ വഴിവിട്ട ഇടപെടല്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യമാണ് പരിശോധിക്കുന്നത്. ഇന്ദിര ജയ്സിംഗ് പറയുന്നതിലെ ആശങ്ക മനസിലാക്കുന്നു എന്നും കോടതി പറഞ്ഞു.
എന്നാല്‍ ഉത്സവ് ബെയ്‍ന്‍സിനും ഗൂഢാലോചന ഉണ്ടോ എന്നും, പിന്നിലാരെന്നും അന്വേഷിക്കണമെന്ന് ഇന്ദിരാ ജയ്‍സിംഗ് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി, രാഷ്ട്രീയം കൊണ്ടുള്ള അധികാരപ്രയോഗത്തിന്‍റെ ഭാഗമായോ, പണം കൊണ്ടോ, കോടതിയ്ക്ക് മേല്‍ റിമോട്ട് കണ്‍ട്രോള്‍ ഇടപെടലുണ്ടെന്ന വിവരങ്ങള്‍ പലപ്പോഴായി പുറത്തു വരുന്നുണ്ടെന്നും ഇതിലെ സത്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി.
പണം നല്‍കി സുപ്രീം കോടതി രജിസ്ട്രിയെ സ്വാധീനിക്കുന്നുവെന്നും ജ‍ഡ്‍ജിമാരെ സ്വാധീനിക്കുന്നുവെന്നുമാണ് ആരോപണം. ഇത് ഗുരുതരമായ ആരോപണമാണ്. സുപ്രീംകോടതി അഭിഭാഷകരുടേത് കൂടിയാണെന്ന് ഓര്‍ക്കണമെന്ന് ഇന്ദിരാ ജയ്‍സിംഗിനോട് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *