ആ ചിത്രമെടുത്തത് ദുബായിലെ ആഡംബര ഹോട്ടലില്‍ വച്ച്‌, മന്ത്രി പുത്രനൊപ്പമുള്ള ചിത്രത്തെക്കുറിച്ച്‌ സ്വപ്ന സുരേഷ്

കൊച്ചി: മന്ത്രിയുടെ മകനൊപ്പമുള്ള തന്റെ ചിത്രം കൃത്രിമമല്ലെന്നും, ദുബായിലെ ആഡംബര ഹോട്ടലില്‍ നടത്തിയ സൗഹൃദ കൂട്ടായ്മയ്ക്കിടെ പകര്‍ത്തിയതാണെന്നും സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ്. കഴിഞ്ഞദിവസം എന്‍.ഐ.എ ചോദ്യം ചെയ്തപ്പോഴാണ് ചിത്രം മൊര്‍ഫ് ചെയ്തതല്ലെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്.

മന്ത്രി പുത്രനെ അന്ന് കണ്ടത് യാദൃച്ഛികമായിരുന്നെന്നും, ഫോട്ടോയെടുക്കുമ്ബോള്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സരിത്തും സന്ദീപ് നായരും മന്ത്രിയുടെ മകന്റെ കൂടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായും സ്വപ്ന വ്യക്തമാക്കി. മന്ത്രി പുത്രനും സ്വപ്ന സുരേഷും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവര്‍ കൈപ്പറ്റിയ കമ്മിഷന്‍ തുകയില്‍ ഒരുഭാഗം മന്ത്രിയുടെ മകന് കൈമാറിയെന്ന ആരോപണത്തെക്കുറിച്ചും ദേശീയ അന്വേഷണ ഏജന്‍സി ചോദിച്ചു. മന്ത്രിയുടെ മകനുമായി കമ്മിഷന്‍ ഇടപാടു നടന്നിട്ടില്ലെന്ന് സ്വപ്ന മൊഴി നല്‍കി.

ചിത്രം മോര്‍ഫ് ചെയ്തതാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചത്. ‘നിങ്ങള്‍ ഇങ്ങനെ ഓരോ കഥകളുണ്ടാക്കി, ഫോട്ടോകളുണ്ടാക്കി മോര്‍ഫിംഗ് നടത്തി പ്രചരിപ്പിക്കുകയാണ്. നിങ്ങള്‍ തന്നെ ഫോട്ടോയുമുണ്ടാക്കും, നിങ്ങള്‍ തന്നെ ചോദ്യവും ചോദിക്കും. മുഖ്യമന്ത്രിയുടെ അടുത്ത് സ്വപ്‌ന ഇങ്ങനെ നില്‍ക്കുന്ന മോര്‍ഫിംഗ് നിങ്ങള്‍ ഉണ്ടാക്കിയില്ലേ? ഇതില്‍ ഏത് മോര്‍ഫിംഗാണ് ഇപ്പോള്‍ വിശ്വസിക്കാന്‍ പറ്റുക? മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിന് സ്വപ്‌ന പങ്കെടുക്കുന്ന മോര്‍ഫിംഗ് ചിത്രം കണ്ടില്ലേ? ഇങ്ങനെ എന്തെല്ലാം മോര്‍ഫിംഗ് ചിത്രങ്ങളുണ്ടാക്കി നിങ്ങള്‍ ഇവിടെ പ്രചരിപ്പിച്ച്‌ കൊണ്ടിരിക്കുന്നു. ഇതൊക്കെ ആളുകള്‍ വിശ്വസിക്കുമെന്നാണോ ? ആര്‍ക്കെതിരെയാണ് ഇത്തരം മോര്‍ഫിംഗ് ചിത്രങ്ങള്‍ ഇങ്ങനെ ഉണ്ടാക്കി കൂടാത്തത്’ എന്നായിരുന്നു മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടിയേരിയുടെ മറുപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *