ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും എങ്ങനെയൊക്കെയാണ് മനുഷ്യരെ ചൂഷണം ചെയ്യുന്നതെന്ന് തുറന്നുകാട്ടുകയാണ്’മൂക്കുത്തി അമ്മന്‍’

ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും എങ്ങനെയൊക്കെയാണ് മനുഷ്യരെ ചൂഷണം ചെയ്യുന്നതെന്ന് തുറന്നുകാട്ടുന്ന സിനിമയാണ് നയന്‍താര മുഖ്യവേഷത്തിലെത്തുന്ന മൂക്കുത്തി അമ്മന്‍. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ വൈകാരിക പ്രതികരണങ്ങള്‍ ഉണ്ടാവാനിടയുള്ള പ്രമേയം സുരക്ഷിതമായ ഇടത്ത് മാറിനിന്ന്, ഒത്തുതീര്‍പ്പുകളിലൂടെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ആള്‍ദൈവങ്ങളെ ചോദ്യംചെയ്യുന്നത് മൂക്കുത്തി അമ്മന്‍ എന്ന ദേവിയിലൂടെയാണ്. ഹാസ്യത്തിന്‍റെ അകമ്പടിയോടെയാണ് ആത്മീയമായ ചൂഷണങ്ങളെ വിമര്‍ശന വിധേയമാക്കുന്നത്. ഒപ്പം സ്ത്രീപക്ഷത്തുനിന്നുള്ള ചില കാഴ്ചപ്പാടുകളും സിനിമ പങ്കുവെയ്ക്കുന്നു.ആര്‍ ജെ ബാലാജിയും എന്‍ ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്ത മൂക്കുത്തി അമ്മനില്‍ ഏംഗല്‍സ് രാമസ്വാമി എന്ന കഥാപാത്രമായും ബാലാജി എത്തുന്നു. അമ്മയും (ഉര്‍വശി) മൂന്ന് സഹോദരിമാരും മുത്തച്ഛനും പിന്നെ കുറേ പ്രാരാബ്ധങ്ങളും അടങ്ങുന്നതാണ് രാമസ്വാമിയുടെ കുടുംബം. 80കളിലെ രജനീകാന്ത് സിനിമ പോലെ എന്നാണ് ഈ കുടുംബ പശ്ചാത്തലത്തെ രാമസ്വാമി തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. മധ്യവര്‍ഗത്തിന്റെ ആകുലതകളും ദുരിതങ്ങളില്‍ നിന്ന് കരകയറാന്‍ ഏതെങ്കിലും ഒരു അദൃശ്യ ശക്തിയുടെ സഹായം പ്രതീക്ഷിക്കുന്നതും അത് ആള്‍ദൈവങ്ങളിലേക്ക് വരെ അവരെ കൊണ്ടുചെന്ന് എത്തിക്കുന്നതുമെല്ലാം സൂക്ഷ്മമായി സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 11000 ഏക്കര്‍ സ്ഥലം അനധികൃതമായി സ്വന്തമാക്കി സ്വന്തം സാമ്രാജ്യം സ്ഥാപിക്കാനൊരുങ്ങുന്ന ഭഗവതി ബാബയെ കുറിച്ച് (അജയ് ഘോഷ്) റിപ്പോര്‍ട്ട് ചെയ്യുന്ന ലോക്കല്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ഏംഗല്‍സ് രാമസ്വാമിയില്‍ (ബാലാജി) നിന്നാണ് സിനിമ തുടങ്ങുന്നത്.നിത്യാനന്ദ ഉള്‍പ്പെടെ സമീപ കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ആള്‍ദൈവങ്ങളുമായുള്ള ഭഗവതി ബാബയുടെ സാദൃശ്യം തികച്ചും യാദൃച്ഛികമല്ല തന്നെ. പക്ഷേ ഈ കഥാപാത്രസൃഷ്ടിയുടെ യുക്തിയും യുക്തിരാഹിത്യവും തമ്മില്‍ ഏറ്റുമുട്ടിയാല്‍ മുഴച്ചുനില്‍ക്കുന്നത് യുക്തിരാഹിത്യം തന്നെയാണ്. കോമഡി ട്രാക്കിലാണ് സിനിമ ആദ്യാവസാനം എന്നിരിക്കെ ഭഗവതി ബാബയ്ക്ക് ഒരു കോമാളിയുടെ ശരീരഭാഷയാണ്, ഡയലോഗുകളും അത്തരത്തിലാണ്. ഇതിനകം ആമിര്‍ ഖാന്റെ പികെ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ കണ്ടുകഴിഞ്ഞ, ടിവി ചാനലിലെ പരിപാടിയിലൂടെ ആള്‍ദൈവത്തെ തുറന്നുകാട്ടല്‍ എന്ന പതിവ് ശൈലി തന്നെയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്. മതം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാത്ത സംസ്ഥാനമാണ് തമിഴ്‌നാട് എന്ന പരാമര്‍ശം, ഏംഗല്‍സിന്റെ അമ്മയുടെ എക്കാലത്തെയും വലിയ ജീവിതാഭിലാഷമായ തിരുപ്പതി യാത്ര നോട്ട് നിരോധനം കാരണം മുടങ്ങുന്നത് തുടങ്ങിയ ചില രാഷ്ട്രീയ പരാമര്‍ശങ്ങളും സിനിമയില്‍ അവിടവിടെയായി കാണാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *