തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് അഹാന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച സ്റ്റോറി വന്‍ വിവാദത്തിന് കാരണമായിരുന്നു . ഇതേ തുടര്‍ന്ന് സമൂഹ മാധ്യമത്തില്‍
അഹാന കൃഷ്ണകുമാര്‍ വിശദീകരണവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. കൂടാതെ അഹാനക്കും കുടുംബത്തിനുമെതിരെ മോശം പരാമര്‍ശങ്ങളുമായി ചിലര്‍ കടന്നാക്രമിച്ചിരുന്നു.
സൈബര്‍ ആക്രമണത്തിനെതിരെ “എ ലൗവ് ലെറ്റര്‍ ടു സെെബര്‍ ബൂള്ളീസ്” എന്ന പേരില്‍ ഒരു വീഡിയോയുമായും അഹാന കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. വിശദീകരണമാവശ്യപ്പെട്ട് ഒരുപാട് പേര് കമന്റിടുകയും ചെയ്തിരുന്നു. അതില്‍ ഒരു കമന്റിന് അഹാന മറുപടി പറഞ്ഞതും ചര്‍ച്ചയായി. സൈബര്‍ ബുള്ളിയിംഗിന് എതിരെ രംഗത്ത് എത്തിയ അഹാന കൃഷ്ണകുമാര്‍ അതുതന്നെയാണ് നടത്തുന്നത് എന്നായിരുന്നു ഒരാളുടെ ആരോപണം .
തന്റെ കമന്റിന്റെ ചെറിയ ഭാഗം മാത്രം എടുത്ത് മറുപടി പറഞ്ഞപ്പോള്‍ ഒരുപാട് പേരുടെ മുന്നില്‍ മോശക്കാരനാക്കി എന്നായിരുന്നു അയാള്‍ പറഞ്ഞത്. എന്നാലിപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഹാന കൃഷ്ണകുമാര്‍ . ഫേസ്ബുക്കിലൂടെയാണ് അഹാന പ്രതികരണവുമായെത്തിയത് .
അഹാന കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒരുപാട് വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയിലും പുറത്തും നിങ്ങളെല്ലാവരുടെയും അകമഴിഞ്ഞ സ്നേഹം അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് ഞാനും എന്റെ കുടുംബവും. അതു കൊണ്ടു തന്നെ നിങ്ങളോരോരുത്തരും ഞങ്ങള്‍ക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്.
ഞാന്‍ പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയുടെ ചുവട് പിടിച്ച് ഒട്ടനവധി മെസേജുകളാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് ലഭിച്ചത്, അതില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടത് ആ സ്റ്റോറിയില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തിയോടും, അതോടൊപ്പം ആ സ്റ്റോറി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോടും ഒരു വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളില്‍ എന്റെ ചുറ്റിലും ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും, അതെല്ലാം പ്രോസസ്സ് ചെയ്തെടുക്കാന്‍ എനിക്കൊരല്പം സാവാകാശം ആവശ്യമായിരുന്നു. ഒരിക്കലും ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതോ, കുറ്റക്കാരനായി ഫ്രെയിം ചെയ്യുക എന്നതോ ആയിരുന്നില്ല എന്റെ ഉദ്ദേശം. എന്റെ പോസ്റ്റിനു താഴെ ആ വ്യക്തിയിട്ട കമന്റിലെ ചില ഭാഗങ്ങളോടുള്ള എന്റെ അഭിപ്രായ വ്യത്യാസം അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആ ഭാഗം മാത്രമായി സ്റ്റോറിയില്‍ ഉള്‍പ്പെടുത്തിയത്.
മുകളില്‍ പറഞ്ഞത് പോലെ ഒരാളെയും വേദനിപ്പിക്കുക എന്നതോ, തെറ്റുക്കാരനായി ചിത്രീകരിക്കുക എന്നതോ ഒന്നുമായിരുന്നില്ല എന്റെ ഉദ്ദേശം, മറിച്ച് അദ്ദേഹത്തിന്റെ പരാമര്‍ശത്തിനു മറുപടി കൊടുക്കുക എന്നത് മാത്രമായിരുന്നു. ഈ നിമിഷത്തില്‍ എന്റെ ഉദ്ദേശശുദ്ധി തെളിയിക്കുക എന്നതിനുമപ്പുറം പ്രാധാന്യം എന്റെ പ്രവൃത്തികള്‍ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.
വ്യക്തിപരമായി അറിയില്ലെങ്കിലും എന്റെ ഫോളോവേഴ്സ് ലിസ്റ്റിലുള്ള ഒരോരുത്തരും എന്റെ ജീവിതത്തിന്റെ ഭാഗമാണ്, വില മതിക്കാനാകാത്ത സമ്ബാദ്യമാണ്. അതു കൊണ്ടാണ് നിങ്ങളുമായി ബന്ധപ്പെട്ട ഒരോ മൈല്‍സ്റ്റോണുകളും നമ്മള് ഒരുമിച്ച് ആഘോഷിച്ചിട്ടുള്ളത്. നാളിതു വരെ നിങ്ങള്‍ നല്കിയ സ്നേഹവും പിന്തുണയും കരുതലുമാണു എന്നെ വഴി നടത്തിയത്, അതിനൊട്ടും കുറവു വന്നിട്ടില്ലെന്നും, അതിനിയും ഉണ്ടാകും എന്നുമുള്ള പ്രതീക്ഷയോടെ
നിങ്ങളുടെ സ്വന്തം
അഹാന കൃഷ്ണ