സ്ത്രീ പീഡനക്കേസില്‍ ഒത്തുതീര്‍പ്പ് പാടില്ല: സുപ്രീം കോടതി


ദില്ലി: പീഡനക്കേസുകളില്‍ കോടതിയിടപെട്ട് ഒത്തു തീര്‍പ്പിനു ശ്രമിക്കുന്നത് തെറ്റായ നടപടിയാണെന്ന് സുപ്രീം കോടതി. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നിലപാടാണിത്. സ്ത്രീയ്ക്ക് അവളുടെ ശരീരം പരിശുദ്ധമായ ക്ഷേത്രം പോലെയാണ്. ഈ സാഹചര്യത്തില്‍ അവരെ അവഹേളിക്കുന്നതിന് തുല്യമാണ് ഹൈക്കോടതി വിധിയെന്നും കോടതി നിരീക്ഷിച്ചു.


മധ്യപ്രദേശിലെ ഒരു മാനഭംഗക്കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.


എന്നാല്‍ കോടതിയുടെ നിര്‍ദേശത്തെ പീഡനത്തിനിരയായ പെണ്‍കുട്ടി തള്ളിക്കളഞ്ഞു. തന്നെ പീഡിപ്പിച്ച പ്രതിയോട് സംസാരിക്കാനോ അയാളെ വിവാഹം കഴിക്കാനോ താത്പര്യമില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ നിലപാട്.

പെണ്‍കുട്ടിയുമായി സംസാരിച്ച് പ്രതിയെ വിവാഹം ചെയ്യുന്നതിനുള്ള സാധ്യത ആരായണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. മറ്റൊരു കേസില്‍ സമാന പരിഹാരം നിര്‍ദേശിച്ചപ്പോള്‍ അനുകൂല പ്രതികരണമാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി. ദേവദാസ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്.



Sharing is Caring