ശബരീനാഥന്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: അരുവിക്കരയില്‍ മികച്ച വിജയം നേടിയ കെ എസ് ശബരീനാഥന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സ്പീക്കര്‍ എന്‍ ശക്തന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

നിയമസഭയില്‍ രാവിലെ 9.30നായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങ് വീക്ഷിക്കാന്‍ ശബരിയുടെ അമ്മ എം ടി സുലേഖയും സഹോദരന്‍ അനന്തപദ്മനാഭനും ബന്ധുക്കളും സന്ദര്‍ശക ഗ്യാലറിയിലുണ്ടായിരുന്നു. രാവിലെ എട്ടേമുക്കാലോടെ സഭയിലെത്തിയ ശബരീനാഥനെ ആശ്‌ളേഷിച്ചും ഹസ്തദാനം ചെയ്തുമാണ് ഭരണപക്ഷാംഗങ്ങള്‍ സ്വീകരിച്ചത്.

നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമാണ് മുപ്പത്തിയൊന്നുകാരനായ ശബരീനാഥന്‍. ഇതുവരെ ഈ റെക്കോഡ് ഹൈബി ഈഡനായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 19ന് ഹൈബി ഈഡന് 32 വയസ്സ് പൂര്‍ത്തിയായി.

ഒരേ നിയമസഭയില്‍ അച്ഛനും മകനും സത്യവാചകം ചൊല്ലിക്കൊടുത്ത റെക്കാഡ് ഇതോടെ സ്പീക്കര്‍ എന്‍ ശക്തന് കിട്ടി. 2011 ജി. കാര്‍ത്തികേയന്‍ എം എല്‍ എയായപ്പോള്‍ പ്രോടേം സ്പീക്കറായിരുന്ന ശക്തന്റെ മുന്നിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *