യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല


അഭിമുഖത്തില്‍ നിന്ന്
അഭിമുഖത്തില്‍ നിന്ന്
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യുഡിഎഫിന്റെ മദ്യനയം ഗുണം ചെയ്തില്ലെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മദ്യനയം വേണ്ട രീതിയില്‍ ഏറ്റില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്നും മദ്യനയം പാര്‍ട്ടിക്ക് അനുകൂലമായ വോട്ടായി മാറിയില്ലെന്നത് ആലോചിക്കേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു.


കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. മദ്യനയത്തിലുള്ള തന്റെ നിലപാട് പാര്‍ട്ടി ഫോറത്തില്‍ വ്യക്തമാക്കുമെന്നും അഭിമുഖഖത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. മദ്യനയം പുന:പ്പരിശോധിക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിക്കണമെന്നും അദ്ദേഹം പറയുന്നു.


മദ്യനയത്തിന്റെ പ്രയോജനം പൂര്‍ണമായി ലഭിച്ചില്ല. നയം കുറച്ച് പേരെ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാല്‍ പൂര്‍ണമായി ഗുണം ചെയ്തില്ലെന്നാണ് വിലയിരുത്തല്‍. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയാണ് നയം കൊണ്ടുവന്നത്. ജനങ്ങളുടെ ഗുണത്തിന് വേണ്ടിയായിരുന്നു അത്. എന്നാല്‍ കേരള സമൂഹം അത് എത്രമാത്രം ഉള്‍ക്കൊണ്ടു എന്നത് പ്രശ്‌നമാണ്. ചെന്നിത്തല പറയുന്നു.



Sharing is Caring