നാന്നൂറിലധികം സീറ്റുകളുമായി ഹാട്രിക് നേടുമെന്ന ബിജെപിയുടെ ആശ തല്ലിത്തകർത്ത് ജനാധിപത്യവിശ്വാസികൾ നൽകിയ ഷോക് ട്രീറ്റ്മെന്റിൽ വിയർത്ത് എൻ ഡി എ. ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും, 2014 ലെയും 2019 ലെയും തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കേവലഭൂരിപക്ഷത്തിന് ആവശ്യമായ മാന്ത്രിക സംഖ്യയിലേക്ക് എത്താൻ സാധിക്കാത്തിനാൽ ബിജെപിക്ക് ഒറ്റക്ക് സർക്കാർ ഉണ്ടാക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ ഇന്ത്യമുന്നണി വിട്ട് എൻ ഡി എയിൽ എത്തിയ നിതീഷ് കുമാറും തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവും സർക്കാർ രൂപത്കരണത്തിൽ നിർണായകമാകും.
ഇതുവരെയുള്ള ലീഡ് നില അനുസരിച്ച് എൻ ഡി എ 298 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. ഇതിൽ ബിജെപി സ്വന്തമായി ലീഡ് ചെയ്യുന്നത് 239 സീറ്റുകളിലാണ്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 272 വോട്ടുകൾ ലഭിക്കാത്തതിനാൽ ബിജെപിക്ക് സഖ്യകക്ഷികളുടെ സഹായം ഇല്ലാതെ സർക്കാർ ഉണ്ടാക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ ആണ് 16 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്ന തെലുങ്ക് ദേശം പാർട്ടിയും 15 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്ന ജെഡിയുവും നിർണായകമാകുന്നത്. ഇവർ മുന്നോട്ടു വെക്കുന്ന ഉപാധികൾ ബിജെപിക്ക് അംഗീകരിക്കേണ്ടി വരും.

ഇന്ത്യ മുന്നണി രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച നിതീഷിനെ ഇന്ത്യ സഖ്യവും ചാക്കിട്ട് പിടിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഉപപ്രധാന മന്ത്രി സ്ഥാനം വരെ നിതീഷിന് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ തന്നെ നിതീഷിനെ കാര്യമായി പരിഗണിച്ചെങ്കിൽ മാത്രമേ ബിജെപിക്ക് സുഗമമായി സർക്കാറുണ്ടാക്കാൻ സാധിക്കുകയുള്ളൂ.













