കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇളക്കം തട്ടാതെ മുസ്ലിംലീഗിന്റെ കോട്ടകൾ. മലപ്പുറത്തും പൊന്നാനിയിലും ചരിത്രനേട്ടവുമായാണ് ലീഗിന്റെ വിജയം. തമിഴ്നാട് രാമനാഥപുരത്തും വൻ വിജയമാണ് ലീഗ് നേടിയത്. ഇടത് കേന്ദ്രങ്ങളിൽ പോലും വിള്ളൽ വീഴ്ത്തിയയായിരുന്നു ലീഗിന്റെ തേരോട്ടം.
300118 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീര്‍ വിജയിച്ചത്. 235760 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പൊന്നാനിയിൽ സമദാനിയും ലീഗിന്റെ പച്ചക്കൊടി നാട്ടിയത്. ഇരുമണ്ഡലങ്ങളിലെയും ലീഗിന്റെ തന്നെ പൂർവ്വകാല റെക്കോർഡുകൾ മുഴുവൻ തിരുത്തിയാണ് ഇരുവരുടെയും വിജയം.

തമിഴ്നാട് രാമനാഥപുരത്ത് മുൻ മുഖ്യമന്ത്രികൂടിയായ ഒ പനീർസെൽവത്തെ 165292 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചാണ് ലീഗിന്റെ നവാസ് ഖനി സീറ്റ് നിലനിർത്തിയത്. കനത്ത വെല്ലുവിളികൾക്കിടയിലും മത്സരിച്ച മൂന്ന് സീറ്റിലും മിന്നും വിജയം നേടാനായതിന്റെ ആവേശത്തിലാണ് ലീഗ് നേതൃത്വം. രാഹുൽ ഗാന്ധിയുടേത് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമാണ് ഇ ടി മുഹമ്മദ് ബഷീറിൻ്റേത്. പൗരത്വ ഭേദഗതി നിയമമടക്കം തെരഞ്ഞെടുപ്പ് വിഷയമാക്കി ഇടതു പക്ഷം പ്രചാരണം നടത്തിയെങ്കിലും ദേശീയ വിഷയങ്ങളുടെ ഗുണം ലഭിച്ചത് ലീഗിനാണ്.













