കോഴിക്കോട്: ഒരു കോടിയോളം രൂപ ചെലവഴിച്ച് 18 വര്‍ഷം മുമ്പ് പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതി ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് പുറമേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ ജല അതോറിറ്റി വടകര ഡിവിഷന്‍ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി.
ഗുളികപുഴ നിന്ന് വെള്ളമെടുത്ത് കോട്ടപ്പള്ളി നിന്ന് ശുദ്ധീകരിച്ച് വിലാതപുരത്ത സംഭരണിയിലെത്തിച്ച് എളയടം, പെരുമുണ്ടച്ചേരി, കല്ലുമ്പുറം, പെരേങ്കാട് കുന്ന്, അരൂര്‍ പ്രദേശങ്ങളില്‍ വിതരണം ചെയ്യാനുള്ള പദ്ധതി 1996 ല്‍ പൂര്‍ത്തീകരിച്ചതാണ്, എന്നാല്‍ ഇതുവരെ പദ്ധതി വഴി ഒരു തുള്ളി വെള്ളം ജനത്തിന് നല്‍കിയിട്ടില്ല. മഴക്കാലത്ത് പോലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേഖലയാണിത്. പല തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് പരാതി.
പുറമേരി , മുതുവടത്തൂര്‍ മേഖലകളില്‍ ജല അതോറിറ്റി വെള്ളം നല്‍കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. രണ്ടും,മൂന്നും ദിവസങ്ങള്‍ ഇടവിട്ടാണ് ജല വിതരണം.
അതും ചുരുങ്ങിയ സമയം മാത്രം. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ അധ്യക്ഷത വഹിച്ചു. അഡ്വ. മനോജ് അരൂര്‍, എ.കെ.ജാനു, പി.ശ്രീലത, ഫൗസിയാ കുഞ്ഞമ്മദ്, കെ.സുനിത, എം.രാജന്‍, കോറോത്ത് ശ്രീധരന്‍, കുന്നോത്ത്് രാധാകൃഷ്ണന്‍, കളത്തില്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.
രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഉറപ്പ് നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
