കോഴിക്കോട്: ലോകനിലവാരമുള്ള പരിശീലനപദ്ധതികളുമായി മുന്നേറുന്ന സെപ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഫുട്‌ബോള്‍ ക്ലബ്ബിന്റെ പ്രഖ്യാപനം മെയ് നാലിന് വൈകുന്നേരം ആറിന് നടക്കും. കാല്‍പ്പന്തുകളിയുടെ ചരിത്രമുറങ്ങുന്ന മാനാഞ്ചിറ മൈതാനത്ത് നടക്കുന്ന ചടങ്ങിലാണ് ക്ലബിന്റെ പേരും ലോഗോയും പ്രകാശനം ചെയ്യുക. കേരളാ ഫുട്‌ബോളിന് പേരും പെരുമയും നല്കിയ വിവിധ തലമുറകളില്‍പ്പെട്ട പ്രശസ്തരായ താരങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചടങ്ങ് സെപ്റ്റിന്റെ ഒരു പതിറ്റാണ്ട് കാലത്തെ പ്രയാണത്തിലെ പുതിയൊരു നാഴികക്കല്ലാണ്.
ചടങ്ങില്‍ വച്ച് സെപ്റ്റിന്റെ അണ്ടര്‍ 17 ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. മൈതാനത്ത് സജ്ജമാക്കുന്ന കൂറ്റന്‍ വീഡിയോ സ്‌ക്രീനില്‍ ക്ലബ്ബിനെക്കുറിച്ചുള്ള വീഡിയോ പ്രസന്റേഷന്‍ അവതരിപ്പിക്കും. സെപ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹായവും നല്‍കിയവരെയും വിവിധ നിലകളില്‍ മികച്ച പ്രകടനം നടത്തിയ കുട്ടികളെയും ആദരിക്കും. കേരളത്തിലെ പ്രമുഖ കായിക സംഘാടകരും ഫുട്‌ബോള്‍ സംഘടനാരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. സെപ്റ്റില്‍ പരിശീലനം നേടുന്ന കുട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഡാന്‍സ് പരിപാടിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. ക്ലബിന്റെ ഒഫിഷ്യല്‍ ബാന്റായ ’83 എം പി എച്ച്’യുടെ അവതരണവും ചടങ്ങിലുണ്ടാകും.
സെപ്റ്റിലൂടെ പരിശീലനം നേടി അന്തര്‍ദേശീയ തലത്തില്‍ വരെ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളുടെ മുന്നോട്ടുള്ള പ്രയാണം ലക്ഷ്യമാക്കിയാണ് സെപ്റ്റിന്റെ ആഭിമുഖ്യത്തില്‍ ക്ലബ്ബ്് രൂപീകരിക്കുന്നത്. കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ മികച്ച പരിശീലനം നല്‍കി അവരെ ക്ലബ്ബ് തലത്തില്‍ വരെയെത്തിക്കുന്ന തുടര്‍ പദ്ധതി വിപുലമായി രാജ്യത്ത് നടപ്പാക്കുന്നത് നിലവില്‍ സെപ്റ്റ് മാത്രമാണ്. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും സഹകരിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും അവസരം നല്‍കിക്കൊണ്ടാണ് സെപ്റ്റിന്റെ ഫുട്‌ബോള്‍ ക്ലബ്ബ് യാഥാര്‍ത്ഥ്യമാകുക. ഇത്തരത്തിലൊരു സംരംഭവും രാജ്യത്ത് ആദ്യമായാണ്. ക്ലബ്ബില് അംഗമാകാനും ഈ കൂട്ടായ്മയുടെ ഭാഗമാകാനും ആര്‍ക്കും കഴിയുന്ന തരത്തിലാണ് ഇതിന്റെ സംഘടനാ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ദേശീയ നിലവാരത്തില്‍ മികച്ച പ്രകടനം നടത്തുന്ന ക്ലബ്ബിനെ പൂര്‍്ണതോതില്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സെപ്റ്റ് അണിയറയില്‍ നടത്തിവന്നിരുന്നത്. സെപ്റ്റില്‍ പരിശീലനം നേടി ഇന്ത്യന്‍ കുപ്പായമണിഞ്ഞ ഹനാന്‍ ജാവേദ്, ആനിസ്, ലാസിം അലി, അപര്‍ണ റോയ് തുടങ്ങിയ കുട്ടികളുടെ പ്രകടനം ഈ അര്‍പ്പണത്തിന്റെ തെളിവാണ്. വിദേശത്ത് നടന്ന മത്സരങ്ങളിലും സെപ്റ്റിലെ കുട്ടികള്‍് മികച്ച പ്രകടനം നടത്തിയത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദേശത്തെയും സ്വദേശത്തെയും മികച്ച പരിശീലകരുടെ സേവനവും സെപ്റ്റിന്റെ പ്രവര്ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി. സെപ്റ്റിന്റെ പരിശീലകര്‍ക്കും ലോകനിലവാരമുള്ള പരിശീലനപദ്ധതികളാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 14 സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 പേരില്‍ സെപ്റ്റില് നിന്നും 14 പേര്‍ക്കാണ് സെലക്ഷന്‍ ലഭിച്ചത്.
2004ല്‍് മൂന്ന് കേന്ദ്രങ്ങളില്‍് കുട്ടികള്‍ക്കായി പരിശീലനം ആരംഭിച്ച സെപ്റ്റ് ഇപ്പോള്‍ ഇടുക്കി ഒഴികെ കേരളത്തിലെ 13 ജില്ലകളില്‍ 51 സെന്ററുകളിലായി 1900 കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍്കി വരികയാണ്. കോഴിക്കോട്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമായി രണ്ട് ബാച്ചുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. പരിശീലന പരിപാടികളുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ കേരളത്തില്‍ മൂന്നിടങ്ങളില്‍ ആരംഭിക്കുന്ന റസിഡന്‍ഷ്യല്‍ പരിശീലന കേന്ദ്രങ്ങളില്‍ ആദ്യത്തേത് കോഴിക്കോട്ട് തുടക്കമിട്ടുകഴിഞ്ഞു. വൈകാതെ മറ്റ് രണ്ട് റസിഡന്‍ഷ്യല്‍ പരിശീലനകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കും. സെപ്റ്റ് സെന്ററുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് റസിഡന്‍ഷ്യല്‍ പരിശീലനം ലഭ്യമാക്കുക. ഈ റെസിഡന്‍ഷ്യല്‍ ക്യാമ്പിലൂടെ സെപ്റ്റിന്റെ കുട്ടികള്‍ക്ക് പുതിയൊരു വഴി തുറന്നുകൊടുക്കുക എന്നതാണ് ക്ലബ്ബിന്റെ ഉദ്ദേശ്യം.
FLASHNEWS