കുട്ടികളെ പാര്‍പ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഓഡിറ്റ് നടത്തണം: ബാലാവകാശസംരക്ഷണ കമ്മീഷന്‍

Childതിരുവനന്തപുരം: കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും ദീര്‍ഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലും ആവശ്യമായ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് ഉടന്‍ ഓഡിറ്റ് നടത്താന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സാമൂഹ്യനീതിവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴക്കാലത്തിനുമുന്‍പുതന്നെ മലിനജലനിര്‍മ്മാര്‍ജ്ജനം, വൈദ്യുതിവിതരണം, പെയിന്റിങ്, ടോയ്‌ലറ്റ് എന്നിവയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടുമാസത്തിനുളളില്‍ സമര്‍പ്പിക്കാനും ബാലാവകാശസംരക്ഷണ കമ്മീഷന്‍ സാമൂഹ്യനീതിവകുപ്പു ഡയറക്റ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ പാര്‍പ്പിക്കാനായി സര്‍ക്കാര്‍ നടത്തുന്ന വിവിധ സ്ഥാപനങ്ങള്‍ പരിശോധിച്ച് കമ്മീഷന്‍ അംഗങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. പല സ്ഥാപനങ്ങളും ജുവനൈല്‍ ജസ്റ്റിസ് നിയമം അനുശാസിക്കുന്ന നിലവാരം പുലര്‍ത്തുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഇത്തരം  സ്ഥാപനങ്ങളില്‍ നിയമിതരാകുന്ന ജീവനക്കാര്‍ക്ക് യോഗ്യത നിശ്ചയിക്കുകയും പരിശീലനം നല്‍കുകയും വേണം. സൂപ്പര്‍വൈസറി ജീവനക്കാരുടെ സേവനകാലാവധി അഞ്ചുവര്‍ഷമായി നിജപ്പെടുത്തണം. കുട്ടികളെ പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി അതേ സ്ഥാപനത്തില്‍ത്തന്നെ നിയമിക്കുന്നതായും അവരുടെ നിലപാട് തിരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാതെ സ്ഥലം മാറ്റുകമാത്രം ചെയ്യുന്നതായും കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടു. കുട്ടികളെ പീഡിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന ജീവനക്കാരെ ഏതെങ്കിലും ചൈല്‍ഡ് കെയര്‍ സ്ഥാപനത്തില്‍ നിയമിക്കരുതെന്നും ഇത്തരം സ്ഥാപനങ്ങളില്‍ പീഡനമില്ലാത്ത സാഹചര്യം നിലനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും സാമൂഹികനീതി ഡയറക്റ്റര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
സ്ഥാപനത്തിന്റെ നടത്തിപ്പില്‍ കുട്ടികള്‍ക്ക് പങ്കാളിത്തം നല്‍കുന്നത് അവരുടെ അവകാശങ്ങളെ അംഗീകരിക്കുന്നതിനു തുല്യമാകുമെന്ന് കമ്മീഷന്‍ വിലയിരുത്തി. മെസ്സ് കമ്മിറ്റിയില്‍ കുട്ടികള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതുവഴി ‘ക്ഷണക്കാര്യത്തില്‍ കുട്ടികള്‍ക്കുകൂടി തീരുമാനം എടുക്കാന്‍ കഴിയും. കുട്ടികളില്‍ ഉത്തരവാദിത്തവും പങ്കാളിത്തബോധവും വളര്‍ത്തിയെടുക്കുന്നതിനായി സ്വന്തം മുറിയും പരിസരവും വൃത്തിയാക്കുന്നതിനും പൂന്തോട്ടപരിപാലനത്തിനും ബാലവേല ആകാത്ത തരത്തില്‍ അവരെ പങ്കെടുപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കുട്ടികളെ കായികപ്രവൃത്തികളില്‍ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ച് വ്യക്തമായ മാനദണ്ഡം പുറപ്പെടുവിക്കാനും സാമൂഹികനീതിവകുപ്പു ഡയറക്റ്ററോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന മാനേജ്‌മെന്റ് കമ്മിറ്റി, ചില്‍ഡ്രന്‍സ് കമ്മിറ്റി, ഇന്‍സ്‌പെക്ഷന്‍ കമ്മിറ്റി എന്നിവ പല സ്ഥാപനങ്ങളിലും പ്രവര്‍ത്തനക്ഷമമല്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പരാതിപ്പെട്ടികളും പരാതിപ്പുസ്തകങ്ങളും പല സ്ഥാപനങ്ങളിലും ഇല്ല. ഇവയെല്ലാം ഉടന്‍ ഏര്‍പ്പാട് ചെയ്ത് പ്രവര്‍ത്തനസജ്ജമാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
പല സ്ഥാപനങ്ങളിലും ആവശ്യത്തിന് കട്ടില്‍, കിടക്ക, വസ്ത്രം, മേശ, കസേര, വെളിച്ചത്തിനുളള സൗകര്യങ്ങള്‍ എന്നിവയും ലൈബ്രറി സൗകര്യങ്ങളും  ലഭ്യമാക്കിയിട്ടില്ല. ഇത്തരം ആവശ്യങ്ങള്‍ക്കായുളള ഫണ്ട് വിനിയോഗം സംബന്ധിച്ച് സ്ഥാപനം തിരിച്ചുളള കണക്കും സ്വീകരിച്ച നടപടിയും സമര്‍പ്പിക്കാന്‍ കമ്മീഷന്‍ സാമൂഹ്യനീതി ഡയറക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നീലാ ഗംഗാധരന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന സിറ്റിങില്‍ അംഗങ്ങളായ കെ.നസീര്‍, മീന.സി.യു, ബാബു.എന്‍, ഫാ. ഫിലിപ്പ് പാറക്കാട്ട്.പി.വി, സന്ധ്യ.ജെ, ഗ്ലോറി ജോര്‍ജ് എന്നിവരും കമ്മീഷന്‍ സെക്രട്ടറി സി.കെ. വിശ്വനാഥനും പങ്കെടുത്തു.