കേരള സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി മദ്യവർജ്ജനത്തിലൂടെ കുറച്ചുകൊണ്ടു വന്ന് ഇല്ലാതാക്കുക എന്നതാണ് മദ്യനയംകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെന്ന വാചകത്തോടെയാണല്ലോ മദ്യനയ പ്രഖ്യാപനം തുടങ്ങുന്നത്. ഈ നയത്തിന് ആധാരമായി പറയുന്ന മിക്ക കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതാണ്.
മദ്യശാലകളുടെ എണ്ണം വ്യാപകമാക്കിയും മദ്യ ഉപയോഗത്തിനുള്ള സന്ദർഭത്തിനും സാഹചര്യത്തിനും കളമൊരുക്കിയും തയ്യാറാക്കിയ ഈ മദ്യനയം ലക്ഷ്യമിടുന്നത് മദ്യവർജ്ജനമാണെന്ന അവകാശവാദം തന്നെ പരസ്പരവിരുദ്ധമാണ്. മദ്യ ഉപയോഗം വ്യാപകമാക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ട് മദ്യവർജ്ജനത്തെ കുറിച്ച് പറയുന്നത് ഏറെ വിചിത്രവും പരിഹാസ്യവുമാണ്. ലോകാരോഗ്യസംഘടനയുടെ ആഗോള മദ്യനയത്തിൽ പറയുന്ന മദ്യലഭ്യത, പ്രാപ്യത എന്നിവ കുറയ്ക്കുക എന്ന അടിസ്ഥാന തത്വത്തിന് വിരുദ്ധമാണീ മദ്യനയം. ജനനന്മയല്ല, മറിച്ച് മദ്യലോബിയെ പ്രീണിപ്പിക്കുന്നതിന് എന്തും ചെയ്യും എന്ന സർക്കാരിന്റെ നിലപാടാണ് ഇതിൽ പ്രതിഫലിക്കുന്നത്. മദ്യമുതലാളിമാരും ഇടതുമുന്നണിയുമായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തുണ്ടായ അവിശുദ്ധ കൂട്ടുകെട്ടിന്റെ സന്തതിയാണ് ഈ നയം. ജനങ്ങളുടെ കാര്യങ്ങൾ ശരിയാക്കുന്നതിൽ തികച്ചും പരാജയപ്പെട്ട സർക്കാരിന് മദ്യ കച്ചവടക്കാരുടെ കാര്യങ്ങൾ ശരിയാക്കി എന്ന് മേനി പറയാം.

യു.ഡി.എഫിന്റെ മദ്യനയം ‘പൊളിച്ചെഴുതു’ന്നതിന് അടിസ്ഥാനപരമായി നിരത്തുന്ന വാദങ്ങൾ ഇതെല്ലാമാണ്.
1. യു.ഡി.എഫ്. മദ്യനയം മൂലം മദ്യ ഉപയോഗം കുറയുകയല്ല, മറിച്ച് കൂടുകയാണ് ഉണ്ടായത്.
2. മദ്യശാലകൾ അടച്ചുപൂട്ടിയ ശേഷം എക്സൈസ് വകുപ്പ് കണ്ടെടുത്ത കേസുകളിൽ അഭൂതപൂർവ്വമായ വർദ്ധനവുണ്ടായി. വ്യാജമദ്യവും മയക്കുമരുന്നും വ്യാപകമായി.
3. ടൂറിസം മേഖലയിൽ അതിഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചു.
4. സംസ്ഥാന സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു.
മേൽ പറയുന്നതിലൊന്നും കഴമ്പില്ലെന്നതാണ് യാഥാർത്ഥ്യം. യു.ഡി.എഫ്. കൊണ്ടുവന്ന മദ്യനയത്തിന്റെ ഫലമായി ഗുണപരമായ മാറ്റമുണ്ടായി എന്നത് അനിഷേധ്യമാണ്.
2014 ഏപ്രിൽ 1 മുതൽ 2017 മാർച്ച് 31 വരെയുള്ള മൂന്ന് വർഷ കാലയളവിൽ വിദേശ മദ്യത്തിന്റെ ഉപയോഗത്തിൽ തന്നെ 8,65,60,876 ലിറ്റർ കുറഞ്ഞു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ബിയറിന്റെയും വൈനിനിന്റെയും ഉപയോഗം ഈ കാലഘട്ടത്തിൽ വർദ്ധിച്ചിട്ടു പോലും ഈ മൂന്ന് വർഷങ്ങൾക്കിടയിൽ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് കണക്കാക്കിയാൽ പൂർണമായ മദ്യാംശം (അബ്സല്യൂട്ട് ആൽക്കഹോൾ) മൊത്തം അളവിൽ 34.27% കുറവാണ് ഉണ്ടായത്. അതേസമയം മദ്യവിൽപനയുടെ മൊത്തം കണക്ക് (വോളിയം സെയിൽ) എടുത്താൽ പോലും 7.47% കുറവ് വന്നതായി കാണാവുന്നതാണ്. അതായത് 2,25,35,901 ലിറ്റർ മദ്യം കുറഞ്ഞു. എന്നിട്ടും മദ്യ ഉപയോഗം വർദ്ധിച്ചു എന്ന് പറയുന്നത് മനപ്പൂർവ്വം തെറ്റിധരിപ്പിക്കാനാണ്.
കഴിഞ്ഞ 30 വർഷത്തെ കേരളത്തിലെ മദ്യക്കച്ചവടത്തിന്റെ വാർഷികവളർച്ച 6% മുതൽ 67% വരെ ആയിരുന്നു എന്ന വസ്തുത ഓർക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ലോകാരോഗ്യ സംഘടനയും ആഗോള ലഹരിവിരുദ്ധ ഏജൻസികളും ഈ ഗുണപരമായ മാറ്റത്തെ പ്രശംസിച്ചത്. മദ്യലഭ്യത കുറച്ചാൽ മദ്യ ഉപയോഗം കുറയും എന്നതിന്റെ വ്യക്തമായ തെളിവാണ് പാതയോരത്തെ മദ്യവിൽപ്പന ശാലകൾക്ക് നിരോധനം ഏർപ്പെടുത്തിയ സുപ്രീം കോടതിവിധി നടപ്പാക്കിയതിനെ തുടർന്ന് 2017 ഏപ്രിൽ മാസത്തിൽ കണ്ടത്. 2016 ഏപ്രിൽ മാസത്തെ മദ്യ ഉപയോഗവുമായി താരതമ്യപ്പെടുത്തിയാൽ അന്നത്തേക്കാളും 94,48,562 ലിറ്റർ മദ്യ ഉപയോഗം 2017 ഏപ്രിൽ മാസത്തിൽ തന്നെ കുറഞ്ഞിട്ടുണ്ട്. അതായത് 30.34%. കേരള ബിവറേജസ് കോർപ്പറേഷന്റെ വെബ്സൈറ്റിനെ ആധാരമാക്കി ‘അഡിക് ഇന്ത്യ’ തയ്യാറാക്കിയതാണ് ഈ കണക്കുകളെല്ലാം.
31.3.2014 ൽ മദ്യശാലകൾ അടച്ചുപൂട്ടിയതിന് ശേഷം എക്സൈസ് വകുപ്പ് കണ്ടെടുത്ത കേസുകളിൽ അഭൂതപൂർവ്വമായ വർദ്ധനവ് ഉണ്ടായി എന്നതാണ് സർക്കാരിന്റെ മറ്റൊരു വാദം. എന്നാൽ എക്സൈസ് വകുപ്പിന്റെ കേസ്സുകളുടെ എണ്ണം വർദ്ധിച്ചെങ്കിലും പിടിച്ചെടുത്ത സ്പിരിറ്റിന്റെയും മയക്കുമരുന്നിന്റെയും അളവ് മുൻ വർഷത്തേക്കാൾ കുറഞ്ഞു എന്നതാണ് സത്യം.
എക്സൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയ 14 ജില്ലകളുമായി ബന്ധപ്പെട്ട മന്ത്‌ലി എൻഫോഴ്സ്മെന്റ് സ്റ്റേറ്റ്മെന്റ് പ്രകാരം 2015-16 ൽ അബ്കാരി നിയമമനുസരിച്ച്16,917 കേസുകളിലായി 20,703 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തെങ്കിൽ 2016-17 ൽ കേസുകളുടെ എണ്ണം 25,423 ആയി വർദ്ധിച്ചിട്ടും വെറും 2,893 ലിറ്റർ സ്പിരിറ്റ് മാത്രമാണ് പിടിച്ചെടുത്തത്. അതായത് 17,804 ലിറ്റർ (86%) ന്റെ ഗണ്യമായ കുറവാണ് വന്നത്. അതുപോലെ തന്നെ മയക്കുമരുന്ന് നിയമമനുസരിച്ച് 2015-16 ൽ 1,708 കേസ്സുകളിലായി 920.856 കിലോ കഞ്ചാവ് പിടിച്ചെടുത്തപ്പോൾ 2016-17ൽ മയക്കു മരുന്ന് കേസ്സുകൾ 3,835 ആയി എണ്ണത്തിൽ വർദ്ധിച്ചിട്ടും 920.663 കിലോ കഞ്ചാവ് മാത്രമാണ് പിടിച്ചെടുക്കാൻ കഴിഞ്ഞത്. ചുരുക്കത്തിൽ മുൻ വർഷത്തേക്കാൾ 193 ഗ്രാം കുറവ് മാത്രം.
ഇന്ത്യയുടെ മയക്ക് മരുന്ന് ഭൂപടത്തിൽ ആദ്യ 10 സംസ്ഥാനങ്ങളുടെ പട്ടികയിൽ പോലും ഇല്ലാത്ത കേരളത്തെ മദ്യനിയന്ത്രണം കാരണം ലഹരിയുടെ താവളമായ് ചിത്രീകരിക്കുന്നത് മദ്യവിൽപ്പനശാലകൾ വ്യാപകമാക്കുന്നതിനുള്ള ന്യായീകരണ ശ്രമത്തിന്റെ ഭാഗം മാത്രമാണ്.
കർശനവും ഫലപ്രദവുമായ നടപടികളുമായി എക്സൈസ്, പോലീസ് ഉൾപ്പടെയുള്ള ബന്ധപ്പെട്ട സംവിധാനങ്ങൾ കൃത്യമായി മുന്നോട്ട്പോയി ശരിയായ രീതിയിൽ മയക്കുമരുന്ന് വേട്ട നടത്തിയാൽ ഈ പ്രശ്നത്തിൽ ഏർപ്പെട്ടിട്ടുള്ള സാമൂഹ്യദ്രോഹികളെ അമർച്ച ചെയ്യാനാകും. മയക്കുമരുന്ന് വിപണനം പൂർണമായും തടയാനുമാകും.
കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് കാണിച്ച് കേരളം വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി എന്ന ധാരണ വരുത്തുന്നത് നിലവിലുണ്ടായിരുന്ന മദ്യനയത്തെ അട്ടിമറിക്കാനാണ്. ഇക്കാര്യത്തിൽ ചില ഉദ്യോഗസ്ഥാർ പ്രത്യേക ദൗത്യം ഏറ്റെടുത്തതായും കാണാവുന്നതാണ്.
മേൽ കാണിച്ച കണക്കുകൾ നിഷേധിക്കാൻ എക്സൈസ് മന്ത്രിക്കാവുമോ?
വിനോദസഞ്ചാര മേഖലയെ മദ്യനിയന്ത്രണം തളർത്തിയെന്നും അതിഗുരുതരമായ പ്രതിസന്ധിയിലെത്തിച്ചു എന്നാണ് വേറൊരു വാദം.
എന്നാൽ ടൂറിസം വകുപ്പിന്റെ തന്നെ കണക്കുകൾ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത വകുപ്പിന്റെ കണക്ക് പ്രകാരം തന്നെ വിദേശ ടൂറിസ്റ്റുകളുടെ വരവ് 2014 ൽ 9,23,366 ആയിരുന്നത് 2016ൽ 10,38,419 ആയി വർദ്ധിക്കുകയാണുണ്ടായത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലാകട്ടെ, 2014ൽ 1,16,95,411 ആയിരുന്നത് 1,31,72,535 ആയി വർദ്ധിക്കുകയും ചെയ്തു. ടൂറിസത്തിലൂടെയുള്ള മൊത്തം വരുമാനം 2014ൽ 24,885 കോടി രൂപയായിരുന്നത് 2016ൽ 29,659 കോടിയായി വർദ്ധിക്കുകയാണ് യഥാർത്ഥത്തിൽ ഉണ്ടായത്.
മദ്യം കഴിക്കാനല്ല ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരുന്നത്. കേരളത്തനിമ ആസ്വദിക്കാനാണ്. അവർക്ക് വേണ്ടത് വൃത്തിയും വെടിപ്പുമുള്ള, സമാധാനം നിലനിൽക്കുന്ന, നല്ല പെരുമാറ്റം ലഭിക്കുന്ന അന്തരീക്ഷമാണ്.
അടുത്തകാലത്ത് കുമളിയിൽ നടന്ന വിവിധ രാജ്യങ്ങളിൽ നിന്നും വന്ന ടൂറിസ്റ്റുകളെ ബന്ദികളാക്കിയതുപോലുള്ള സംഭവങ്ങളാണ് ടൂറിസത്തെ തളർത്തുന്നത്. വിദേശവനിതകൾ ഉൾപ്പടെയുള്ളവർക്ക് നേരെയുള്ള അതിക്രമങ്ങളാണ് മറ്റൊരു വെല്ലുവിളി.
കേരളത്തിലെ മാലിന്യ കൂമ്പാരങ്ങളും തെരുവുനായ്ക്കളുടെ സംഹാര താണ്ഡവങ്ങളും പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളുമൊക്കെയാണ് ടൂറിസ്റ്റുകളെ ഭയപ്പെടുത്തുന്നത്. ഇതൊക്കെ മറച്ചുവച്ച് എല്ലാം തന്നെ മദ്യനിയന്ത്രണത്തിന്റെ ചെലവിലെഴുതുന്നത് സത്യത്തെ പരിഹസിക്കലാണ്. നിക്ഷിപ്ത താല്പര്യക്കാർ തട്ടിക്കൂട്ടിയ ചില റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള തെറ്റായ പ്രചരണത്തിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്.
സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടാകുന്നു എന്ന പ്രചരനത്തിന് പ്രസക്തിയില്ല. മദ്യനിയന്ത്രണം മൂലം സർക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന്റെ എത്രയോ ഇരട്ടി പണമാണ് മദ്യ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ പരിഹരിക്കാൻ സർക്കാരിന് തന്നെ ചെലവിടേണ്ടി വരുന്നത്.
മദ്യപാനം മൂലം മാനസികവും കായികവുമായ ആരോഗ്യം നഷ്ടപ്പെടുന്നവരുടെ ചികിൽസയ്ക്ക് വേണ്ട ചെലവ്, മദ്യപിച്ച് വാഹനമോടിച്ച് കൊണ്ടുണ്ടാകുന്ന വ്യാപക റോഡപകടങ്ങളും ജീവഹാനിയും ജീവിതനഷ്ടവും, സമൂഹത്തിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, അക്രമ സംഭവങ്ങൾ, പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ രക്തബന്ധത്തിനു പോലും വിലകൽപ്പിക്കാതെ ഉണ്ടാകുന്ന ഗാർഹികദുരന്തങ്ങൾ, താളം തെറ്റുന്ന കുടുംബങ്ങളുടെ ദയനീയ അവസ്ഥ, കുട്ടികളുടെ അരക്ഷിതാവസ്ഥ, സാമ്പത്തികവും സാമൂഹികവുമായി സമൂഹത്തിനുണ്ടാകുന്ന തകർച്ച, രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പടെയുള്ള ക്രമസമാധാന പ്രശ്നങ്ങൾ ഇതിന്റെയെല്ലാം ഫലമായി ഉണ്ടാകുന്ന കെടുതികളും ദുരിതങ്ങളും വരുത്തിവയ്ക്കുന്ന വൻ സാമൂഹ്യ-സാമ്പത്തിക നഷ്ടങ്ങളും കണക്കിലെടുത്താൽ മദ്യനിയന്ത്രണം മൂലം പറയപ്പെടുന്ന സർക്കാരിന്റെ സാമ്പത്തിക നഷ്ടത്തിന് യാതൊരു പ്രസക്തിയുമില്ല. മദ്യത്തിന്റെ ഉപയോഗം കുറയുന്നത് മൂലം സർക്കാരിനും സമൂഹത്തിനുമുണ്ടാകുന്നത് വൻ നേട്ടം തന്നെയാണ്.
പുതിയ മദ്യനയത്തിന് അടിസ്ഥാനമായി സർക്കാർ പറയുന്നതിലെ പൊള്ളത്തരം ആർക്കും മനസിലാകുന്നതാണ്.
നിലവിലുണ്ടായിരുന്ന മദ്യനയത്തെ തകിടം മറിച്ച് മദ്യവ്യാപാരത്തെയും വ്യാപനത്തെയും മുന്നിൽ കണ്ടുകൊണ്ടുള്ള നടപടികൾ ഒന്നൊന്നായി സർക്കാർ മുന്നോട്ട് നീക്കിയത് കേരളത്തിൽ മദ്യമൊഴുക്കുക എന്ന അജണ്ട അനുസരിച്ചാണെന്നത് വളരെ വ്യക്തമാണ്.
മദ്യശാലകൾ ആരംഭിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുവാദം വേണമെന്നുള്ള നിബന്ധന നീക്കം ചെയ്തത് ഈ ദിശയിലുള്ള പ്രധാന നടപടിയായിരുന്നു. മദ്യവിൽപ്പനശാല തുടങ്ങുന്നതിനെതിരെ സംസ്ഥാനത്ത് വ്യാപകമായി സ്ത്രീകളുടെ വൻ പങ്കാളിത്തത്തോടെ നടക്കുന്ന ജനകീയ സമരങ്ങളെ കണ്ടില്ലെന്ന് നടിച്ചാണ് ഈ നടപടി. തങ്ങളുടെ പ്രദേശത്ത് മദ്യശാലകൾ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ജനങ്ങളുടെയും ജനപ്രതിനിധികളുടെയും അധികാരവും അവസരവുമാണ് ഇതിലൂടെ ഇല്ലാതാക്കിയത്. അധികാരവികേന്ദ്രീകരണത്തെ കുറിച്ച് വാചാലമാകുന്ന സർക്കാരിന്റെ ജനാധിപത്യവിരുദ്ധമായ ഈ നടപടി വ്യാപകമായ പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്.
ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്ററിനകത്തുള്ള മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തിയ സുപ്രീം കോടതിവിധി കാറ്റിൽ പറത്തുന്നതിന് സർക്കാർ കാണിച്ച വെപ്രാളം ജനങ്ങൾ കണ്ടതാണ്. സംവൽസരങ്ങളായി നിലനിൽക്കുന്ന കണ്ണൂർ-കുറ്റിപ്പുറം, ചേർത്തല-തിരുവനന്തപുരം ദേശീയ പാതയെ അതല്ലാതാക്കുന്ന സർക്കാരിന്റെ ചെപ്പടിവിദ്യ സർക്കാരിനെ പരിഹാസ്യമാക്കി. ഇതിനെതിരെ കോടതി തന്നെ ശക്തമായി പ്രതികരിച്ചതും അടുത്ത കാലത്ത് ശ്രദ്ധേയമായിരുന്നു.
സുപ്രീം കോടതി വരെ അംഗീകരിച്ച യു.ഡി.എഫിന്റെ മദ്യനയത്തെ മദ്യമുതലാളിമാർക്ക് വേണ്ടി ഈ സർക്കാർ തള്ളിക്കളഞ്ഞത് ഏറ്റവും വലിയ സാമൂഹ്യദ്രോഹമാണ്. മദ്യവാഴ്ചയിൽ ജനങ്ങളെ അമർത്തുന്ന ഈ നയം തിരുത്തിയില്ലെങ്കിൽ കേരളചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി എന്നും നിലനിൽക്കും. ഇതിന് ചരിത്രം മാപ്പ് നൽകില്ല.













