മാണി മാരണം; ഒറ്റപ്പെടുന്ന കാലം വിദൂരമല്ലെന്ന് കോണ്‍ഗ്രസ് മുഖപത്രം


യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖ്യപത്രം വീക്ഷണത്തിന്‍റെ മുഖപ്രസംഗം. മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണെന്ന് ‘മാണി എന്ന മാരണം’ എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണെന്നും കേരള കോണ്‍ഗ്രസ് സ്ഥാപകന്‍ കെ.എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണെന്നും കോണ്‍ഗ്രസ് മുഖ്യപത്രം ആരോപിക്കുന്നു.
യു.ഡി.എഫില്‍ നിന്ന് കൊണ്ട് എല്‍.ഡി.എഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ മാണി ശ്രമം നടത്തിയിട്ടുണ്ടെന്ന കേരള കോണ്‍ഗ്രസ് മുഖപത്രത്തിന്‍റെ വെളിപ്പെടുത്തല്‍ മാണിയുടെ രാഷ്ട്രീയ സദാചാരത്തിന്‍റെ കാപട്യമാണ് വിളംബരം ചെയ്യുന്നത്. മുന്നണിയില്‍ നിന്ന് തര്‍ക്കിച്ചും വിലപേശിയും അനര്‍ഹമായ പലതും നേടിയ മാണി രാഷ്ട്രീയ സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപട രാഷ്ട്രീയത്തിന്‍റെ അപോസ്തലനാണ്. കേരള കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ മാണിയുടെ വിഷക്കൊമ്ബ് കൊണ്ടുള്ള കുത്തേല്‍ക്കാത്ത ഒരു നേതാവും ഉണ്ടാവില്ലെന്നും മുഖ്യപ്രസംഗം വിവരിക്കുന്നു.
മാനം വില്‍കാന്‍ വേണ്ടി മാണി നാല്‍കവലയില്‍ നില്‍ക്കുന്നു. ബി.ജെ.പി അടക്കം ഒരു പാര്‍ട്ടിയോടും മാണിക്ക് അയിത്തമില്ല. രാഷ്ട്രീയ മോഹങ്ങള്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും കുരുടനാക്കി മാറ്റി. മാണിയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ കുതികാല്‍വെട്ടിന്‍റെയും വഞ്ചനയുടെയും വൈറസുകള്‍ കാണാം. മാണിയും മകനും ഒറ്റപ്പെടുന്ന കാലം വിദൂരമല്ല. യു.ഡി.എഫ് 100 വട്ടം തോറ്റാലും മാണിയുമായി ഒരു കൂട്ടുക്കെട്ടിനും കോണ്‍ഗ്രസ് തയാറാവരുതെന്ന് കോണ്‍ഗ്രസിനെ മുഖപ്രസംഗം ഉപദേശിക്കുന്നുണ്ട്.




Sharing is Caring