വിഷുത്തിരക്കില്‍ തീവെട്ടിക്കൊള്ള

kani vellari palayamകോഴിക്കോട്: വിഷു വിപണിയില്‍ തൊട്ടാല്‍പൊള്ളുന്ന വില. ഇറച്ചി, മീന്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയ്‌ക്കെല്ലാം കൊള്ളവിലയായി. വെണ്ട, തക്കാളി, ഉള്ളി, വെള്ളരി എന്നിവയുടെയെല്ലാം വില വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ചെറുനാരങ്ങയ്ക്കും പയറിന് വലിയ തോതില്‍ വില കയറിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച 20 രൂപയുണ്ടായിരുന്ന പയറിന് ഇപ്പോള്‍ നാല്പത് രൂപയാണ് വില. ഇരുപത് രൂപയായിരുന്ന നാരങ്ങയ്ക്ക് നാല്‍പ്പത് മുതല്‍ അമ്പത് രൂപ വരെ ഇപ്പോള്‍ വിലയുണ്ട്.
മുരിങ്ങയ്ക്ക് 15 രൂപയുണ്ടായിരുന്നത് മുപ്പതായി വര്‍ദ്ധിച്ചിട്ടുണ്ട്. വെളുത്തുള്ളിയ്ക്ക് പത്ത് രൂപയാണ് വര്‍ദ്ധിച്ചത്. നാല്പത് രൂപയുണ്ടായിരുന്നത് അമ്പതായി വര്‍ദ്ധിച്ചു. ഉരുളക്കിഴങ്ങ്, പച്ചക്കായ, കാബേജ്, എളവന്‍, വഴുതിന, ചെറിയ ഉള്ളി, കയ്പ്പ, കാരറ്റ്, ബീറ്റ് റൂട്ട്, ബീന്‍സ് എന്നിവയ്‌ക്കെല്ലാം വില വര്‍ദ്ധിച്ചിട്ടുണ്ട്. പഴങ്ങള്‍ക്കും അടുത്തിടെ വില വര്‍ദ്ധിച്ചിരിക്കുകയാണ്. ഓറഞ്ഞ്, ആപ്പിള്‍, ഉറുമാമ്പഴം, മാങ്ങ എന്നിവയ്‌ക്കെല്ലാം വില കൂടിയിട്ടുണ്ട്. വിഷു മുന്നില്‍ കണ്ട് അന്യസംസ്ഥാന മാര്‍ക്കറ്റുകളില്‍ വില വര്‍ദ്ധിപ്പിച്ചതാണ് ഈ സ്ഥിതിയ്ക്ക് കാരണം. വേനല്‍ കടുത്തതും വില വര്‍ദ്ധനവിന് കാരണമായി.
വിലക്കയറ്റം ഇവിടെ മീന്‍വിപണിയിലും കാണാം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയര്‍ന്നുനില്‍ക്കുന്ന മീന്‍വില വിഷു എത്തിയതോടെ ഡിമാന്‍ഡ് അനുസരിച്ച് ഒന്നുകൂടി വര്‍ധിച്ചു. ഇന്നലെ ഓരോ മാര്‍ക്കറ്റിലും ഓരോ വിലയാണ്. എത്ര വില പറഞ്ഞാലും ആളുകള്‍ വാങ്ങുമെന്ന അവസ്ഥയായിരുന്നു. വലിയ ഇനം മത്സ്യങ്ങള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍.
അതിനാല്‍ വിലക്കൂടുതല്‍ ഈ മത്സ്യങ്ങള്‍ക്കായിരുന്നു. സ്രാവിനു 400 രൂപയ്ക്കു മുകളിലും അയക്കൂറയ്ക്ക് 600 രൂപയ്ക്കു മുകളിലും ആവോലിയ്ക്ക് 500 രൂപയുക്ക് മേലെയും ആണ് വില. ചിക്കനും 180-200 നിരക്കിലാണ് വില.

Spread the love

Leave a Reply

Your email address will not be published. Required fields are marked *