തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വരാനിരിക്കുന്ന പരാജയഭാരം മുന്‍കൂട്ടി വീണ്ടും ഏറ്റെടുക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനിയും ഒരുമാസത്തിലധികം കാത്തിരിക്കേണ്ട സന്ദര്‍ഭത്തിലും പരാജയമുണ്ടായാല്‍ വേണ്ട നടപടികളെക്കുറിച്ച് മുഖ്യമന്ത്രി തയ്യാറെടുപ്പ് നടത്തുകയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോശം പ്രകടനം നടത്തുന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ മാറ്റുമെന്ന വാര്‍ത്ത കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതായി പുറത്തുവന്നത് വലിയ കോലാഹലങ്ങളുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യം കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പാര്‍ട്ടി നേതൃത്വത്തെയും അറിയിച്ചതായാണ് മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ടെന്ന രീതിയിലുള്ള വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ ചിലതില്‍ പ്രസിദ്ധീകരിച്ചത്.
ഈ വിവരം അറിഞ്ഞതോടെയായിരിക്കണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സംസ്ഥാനത്ത് യു ഡി എഫ് മുന്നണിയുടെയും കോണ്‍ഗ്രസിന്റെയും പ്രകടനത്തിന് താന്‍ തന്നെയായിരിക്കും കാരണക്കാരനെന്ന് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം ഉമ്മന്‍ ചാണ്ടി വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബാംഗ്ലുരില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് കേരളത്തില്‍ കോണ്‍ഗ്രസിന് പരാജയം ഉണ്ടായാല്‍ താന്‍ തന്നെയായിരിക്കും അതിന് ഉത്തരവാദിയെന്ന് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചുപറഞ്ഞത്.
കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനം മോശമായാലും നന്നായാലും അതിന്റെ ഉത്തരവാദിത്വം പൂര്‍ണമായും തനിക്ക് തന്നെയാണെന്നും ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുമെന്നുമാണ് ഉമ്മന്‍ ചാണ്ടി വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത വി എം സുധീരന്‍ എന്തായാലും കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും പരാജയങ്ങള്‍ ഏറ്റെടുക്കില്ലെന്നുറപ്പാണ്. മാത്രമല്ല, മുന്നണിക്കും പാര്‍ട്ടിക്കും നേട്ടമുണ്ടായാല്‍ അത് വി എം സുധീരന്‍ അധ്യക്ഷ സ്ഥാനത്തെത്തിയതുകൊണ്ടുണ്ടായ ഗുണമാണെന്ന ക്രഡിറ്റും അദ്ദേഹത്തിന് ലഭിക്കും.
മന്ത്രിയായിരുന്ന ഗണേഷ്‌കുമാറിന്റെ രാജി, ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഇടപെടല്‍, സോളാര്‍ കേസ്, സരിത-ജോപ്പന്‍-ജിക്കുമോന്‍-സലിംരാജ് ബന്ധം, സലിം രാജിനെ വഴിവിട്ടുസംരക്ഷിച്ചെന്ന ആരോപണം, സലിം രാജിന്റെ ഭൂമിതട്ടിപ്പ്, വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റാകുന്നതിലുള്ള എതിര്‍പ്പ്, ഇതുമായി ബന്ധപ്പെട്ട് സോണിയാഗാന്ധിയുമായുള്ള അകല്‍ച്ച തുടങ്ങി ഉമ്മന്‍ ചാണ്ടിയുടെ കസേര തെറിക്കാന്‍ കാരണങ്ങളേറെയുണ്ട്.
2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമ്പൂര്‍ണ പരാജയം അന്ന് മുഖ്യന്ത്രിയായിരുന്ന എ കെ ആന്റണിയുടെ തലയില്‍ വച്ചുകെട്ടി കസേരയില്‍ നിന്ന് പുകച്ചിറക്കിയതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിക്കും പ്രധാനപങ്കുണ്ടെന്ന് ആരോപണം ഇന്നും ശക്തമാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ എ കെ ആന്റണി ഇന്ന് സമാനതകളില്ലാത്തത്ര ശക്തനാണെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് അദ്ദേഹത്തിന്റെ പിന്തുണ എത്രകണ്ടുണ്ടെന്ന് കണ്ടറിയണം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ തൊണ്ണൂറ്റിഒമ്പത് ശതമാനത്തിന്റെയും എതിര്‍പ്പുകളെ മറികടന്ന് വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തെത്തിയത് എ കെ ആന്റണിയുടെ ആശീര്‍വാദവും പിന്തുണയും നൂറുശതമാനവുമുള്ളതുകൊണ്ട് മാത്രമാണ്. അതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിയെന്തായാലും ഉമ്മന്‍ ചാണ്ടിയുടെ കസേരയ്ക്ക് ഇനി ആയുസ് അധികമില്ലെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാകില്ല.
FLASHNEWS