വിജയ് ബാബു ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയേക്കും.

ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയേക്കും. കേസില്‍ താനാണ് ഇരയെന്നാണ് വിജയ് ബാബുവിന്റെ വാദം. തന്റെ നിരപരാധിത്വം കോടതിയിയെ ബോധ്യപ്പെടുത്തുമെന്ന് വിജയ് ബാബു പറഞ്ഞു. വിജയ് ബാബുവിനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിയ്ക്കായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ ഉടന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കാനാണ് തീരുമാനം.

കേസില്‍ വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരിയായ ഇരയുടെ പേര് ഫെയ്‌സ്ബുക്ക് ലൈവിലൂടെ വന്ന് വെളിപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. രണ്ട് കേസുകളാണ് ഇതോടെ വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരിയുടെ രഹസ്യ മൊഴി രെഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം പൊലീസ് കേസെടുത്തതിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ പങ്ക് വച്ച് ലൈവ് വീഡിയോ അപ്രത്യക്ഷമായി.

വിജയ് ബാബുവിന്റെ എറണാകുളം പനമ്പള്ളി നഗറിലുള്ള ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. പ്രതി വിദേശത്തേക്ക് കടന്നതിനാല്‍ പൊലീസിന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് നടനെതിരായ കേസ്. ബലാല്‍സംഗം, കടുത്ത ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നിവക്കാണ് കേസെടുത്തിരിക്കുന്നത്. ഈ മാസം 22നാണ് പെണ്‍കുട്ടി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *