ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും ഫോണില്‍ വിളിച്ച്‌ വി.ഡി സതീശന്‍: അനുനയിപ്പിക്കാന്‍ നീക്കം

ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളും പൊട്ടിത്തെറിയും പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കാന്‍ നീക്കവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതിനുള്ള ആദ്യപടിയായി ഇരുവരെയും
ഫോണില്‍ നേരിട്ട് വിളിച്ചു. ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപനത്തില്‍ രണ്ട് നേതാക്കളും അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിരുന്നു.

സെപ്റ്റംബര്‍ ആറിന് ചേരുന്ന യു.ഡി.എഫ് മുന്നണി യോഗത്തില്‍ പങ്കെടുക്കണമെന്ന് ഇരുനേതാക്കളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സതീശന്റെ ക്ഷണത്തോട് ഇരുവരും എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്.

കാര്യങ്ങള്‍ വിശദമായി സംസ്ഥാനത്ത് ചര്‍ച്ച ചെയ്തില്ലെന്ന ആരോപണമാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഉന്നയിച്ചത്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഇവരെ തള്ളി രംഗത്ത് വരികയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡി.സി.സി ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നേരിട്ട് പങ്കെടുത്തിരുന്നില്ല. ഓണ്‍ലൈന്‍ വഴിയാണ് ഇരുവരും പങ്കെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *