വാരണാസി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ നേരിടാനൊരുങ്ങി അരവിന്ദ് കെജ്രിവാള്‍. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നരേന്ദ്രമോദിയെ നേരിട്ട് എതിര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ ആം ആദ്മി പാര്‍ട്ടി ശക്തമാക്കി. നാലു ദിവസത്തെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി അരവിന്ദ് കെജ്രിവാള്‍ ബുധനാഴ്ച ഗുജറാത്തിലേക്ക് പോകും.
കോണ്‍ഗ്രസിനെതിരെ അഴിമതിവിരുദ്ധ പ്രചരണവുമായി ദില്ലി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടി, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലക്ഷ്യം വയ്ക്കുന്നതു ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെയാണ്.
റൊഹ്തക്കിലും കാണ്‍പുരിലും നടന്ന തെരഞ്ഞെടുപ്പ് റാലികളില്‍ നരേന്ദ്രമോദിയെ ലക്ഷ്യം വച്ചായിരുന്നു കെജ്രിവാളിന്റെ വാക്കുകള്‍. മോദി വാരണാസിയില്‍ മത്സരിച്ചാല്‍ കെജ്രിവാള്‍ എതിര്‍ സ്ഥാനാര്‍ഥിയാകുമെന്ന് എ എ പി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിംഗും വ്യക്തമാക്കി.