ഉറൂബ് റോഡ് പേര് പുനസ്ഥാപിക്കണമെന്നും കോഴിക്കോടിന്റെ ഇസ്ലാമികവത്ക്കരണ അവസാനിപ്പിക്കണമെന്നും ഐക്യവേദി
അനന്തകൃഷ്ണൻ
കോഴിക്കോട്: 1997 ലാണ് കോഴിക്കോട് നഗരത്തിൽ കോംട്രസ്റ്റിന് മുന്നിലൂടെയുള്ള റോഡിന് ഉറൂബ് റോഡെന്ന് പേരിട്ടത്. എന്നാലിപ്പോൾ അതേ റോഡിന് യു എ ഖാദർ എന്ന് വീണ്ടും പേരിട്ട് കോഴിക്കോട് കോർപറേഷൻ. കോംട്രസ്റ്റിന് മുന്നിലൂടെ ടൗൺഹാൾ വരെയുള്ള റോഡിനാണ് യു എ ഖാദർ എന്ന പേര് കൗൺസിൽ യോഗത്തിൽ പാസാക്കിയത്. ഇതോടെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി. ഉറൂബ് റോഡ് പേര് പുനസ്ഥാപിക്കണമെന്നും കോഴിക്കോടിന്റെ ഇസ്ലാമികവത്ക്കരണ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
സിപിഐഎമ്മിലെ ഒരു വിഭാഗം കോഴിക്കോടിനെ ഇസ്ലാമികവത്ക്കരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷൈനു പറഞ്ഞു.

ഇത്തരം നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രമുഖ സാഹിത്യകാരൻ ഉറൂബിന്റെ പേരിലുള്ള റോഡിന്റെ പേര് മാറ്റി ഇസ്ലാമിക നാമധാരിയായ മറ്റൊരു സാഹിത്യകാരന്റെ പേര് വെച്ചത്. ഇത് ഉറൂബിനോട് മാത്രമല്ല യു എ ഖാദറിനോടും സാഹിത്യ ലോകത്തോടുമുള്ള അനാദരവാണ്.
വൈക്കം മുഹമ്മദ് ബഷീർ റോഡിനും പി എം താജ് റോഡിനും എസ് കെ പൊറ്റക്കാട്ട് പ്രതിമക്കും സമീപത്ത് തന്നെയാണ് ഉറൂബ് റോഡ് ഉണ്ടായിരുന്നത്, നഗര മധ്യത്തിൽ മാനാഞ്ചിറ ലൈബ്രറിക്ക് മുന്നിൽ ബഷീർ റോഡ് തുടങ്ങുന്നിടത്തുനിന്ന് കോംട്രസ്റ്റിന് മുന്നിലൂടെ ടൗൺഹാൾ കവാടത്തിലെത്തുന്ന റോഡിനായിരുന്നു. പ്രൊഫ. എ കെ പ്രേമജം മേയറായ കാലത്ത് ഉറൂബ് റോഡ് എന്ന് പേരിട്ടത്.
ഉറൂബിന്റെ ഉറ്റസുഹൃത്തും നഗരത്തിലെ കോഴിക്കോട്ടെ പഴയകാല സാഹിത്യകരന്മാരുടെ തോഴനുമായ കൃഷ്ണൻ കുട്ടി വൈദ്യരായിരുന്നു നാമകരണം നടത്തിയത്. ടൗൺഹാളിന് എതിർവശവും വൈക്കം മുഹമ്മദ് ബഷീർ റോഡ് തുടങ്ങുന്നിടത്തും നഗരസഭ ഉറൂബ് റോഡിന്റെ ബോർഡ് സ്ഥാപിച്ചെങ്കിലും ഇല്ലാതായി. ഇത് പുനസ്ഥാപിക്കുന്നതിന് പകരം പേരുമാറ്റാനാണ് കോർപ്പറേഷൻ തയ്യാറായത്. പേരു മാറ്റത്തിന്റെ ആസൂത്രിത നീക്കത്തിനു പിന്നിൽ കോർപ്പറേഷൻ ഭരണത്തിലെ ഇസ്ലാമിക ലോബിയാണെന്നും കെ ഷൈനു ആരോപിച്ചു.
ഈ ഉപചാപക സംഘത്തിന്റെ നേതൃത്വത്തിലാണ് ജൂബിലി ഹാളിന്റെയും കോർട്ട് റോഡിന്റെയും പേര് മാറ്റിയതും പല പേരുകളും ഒരു വിഭാഗത്തിന്റെ പേര് മാത്രമായതും. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരും കോഴിക്കോടിന്റെ ഇസ്ലാമികവൽക്കരണത്തിനെതിരെ ഹിന്ദു ഐക്യവേദി സമര പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തളി കണ്ടംകുളം ജൂബിലി ഹാളിന് സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാന്റെ പേരിട്ടതിനെതിരെയും പ്രതിഷേധവുമായി ബിജെപിയും ഹിന്ദു ഐക്യവേദിയുമെല്ലാം രംഗത്ത് വന്നിരുന്നു.
മേയ് 28 ന് ചേർന്ന് കൗൺസിലിലാണ് റോഡിന് യു എ ഖാദറിന്റെ പേരിടാൻ തീരുമാനമായത്. 205 അജണ്ടകളുണ്ടായിരുന്ന കൗൺസിലിൽ 174-ാമത്ത അജണ്ടയായിരുന്നു ഇത്. ആറു മണി കഴിഞ്ഞതിനാൽ പ്രതിപക്ഷ ബഹളത്തിനിടെ അന്ന് അവസാനത്തെ അമ്പതിലേറെ അജണ്ടകൾ പാസാക്കിയതായി മേയർ പ്രഖ്യാപിക്കുകയായിരുന്നു. ഇതിലാണ് പേര് മാറ്റ അജണ്ടയും പാസായത്.
പൊന്നാനിക്കാരനായ ഉറൂബ് കോഴിക്കോട് ആകാശവാണിയിൽ എത്തിയതോടെയാണ് കോഴിക്കോട്ടുകാരനായത്. അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതികളെല്ലാം രചിച്ചത് കോഴിക്കോട്ടുവെച്ചാണ്. വിഷയം വർഗീയമാക്കാൻ ഹിന്ദു ഐക്യവേദി ശ്രമിക്കുമ്പോഴും വിഷയത്തിൽ എഴുത്തുകാരനോടുള്ള അനാദരവുണ്ടെന്ന് സാഹിത്യലോകവും പ്രതികരിക്കുന്നു. ഒരു എഴുത്തുകാരന്റെ പേര് മാറ്റി മറ്റൊരു എഴുത്തുകാരന്റെ പേര് ചേർക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് വിലയിരുത്തൽ. കോർപറേഷൻ കഥത്തെരുവായി കണക്കാക്കിയിട്ടുള്ള ഈ റോഡിൽ ഉറൂബിന്റെ പേര് പുനസ്ഥാപിക്കണമെന്ന് ഉറൂബ് സാംസ്ക്കാരിക സമിതിയും ഉറൂബിന്റെ മകൻ ഇ സുധാകരനും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.













