ബഹിരാകാശത്തും ഭക്ഷണം എത്തിച്ച് ഊബർ ഈറ്റ്സ്

ഇന്നത്തെ ലോകത്തെ ടെക്നോളജിയുടെയും സാങ്കേതിക വിദ്യയുടെയും വളർച്ച വളരെ ഉയരങ്ങളിലാണ്. സാധ്യമാകില്ലെന്ന് ഒരുകാലത്ത് നമ്മൾ വിശ്വസിച്ച മിക്കകാര്യങ്ങളും അതിന്റെ സാധ്യതകളും നമ്മൾ ഇപ്പോൾ സ്ഥിരമായി കേൾക്കാറുണ്ട്. നമ്മുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും ഈ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കും. ഇപ്പോൾ എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ട്. അതിൽ ഇന്ന് ഭക്ഷണവും ഉൾപ്പെടുന്നു. പണ്ട് പുറത്തിറങ്ങുമ്പോൾ മാത്രം ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിച്ചിരുന്ന ശീലത്തിൽ നിന്ന് മാറി എന്നും ഭക്ഷണം ഡെലിവറി ചെയ്ത് വീടുകളിൽ എത്തുന്ന സാങ്കേതിക വിദ്യയാണ് നമ്മൾ ഉപയോഗിക്കുന്നത്. എന്നാൽ വീടുകളിൽ മാത്രമല്ല ബഹിരാകാശത്തും ഭക്ഷണം എത്തിച്ചിരിക്കുകയാണ് വിതരണ കമ്പനിയായ ഊബർ ഈറ്റ്സ്.

രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികള്‍ക്കായി ജാപ്പനീസ് ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ യുസാക്ക മെസാവ വഴിയാണ് ഊബര്‍ ഈറ്റ്‌സ് ഭക്ഷണം എത്തിച്ചത്. ഡിസംബര്‍ 11ന് രാവിലെ 9.40നാണ് ഊബര്‍ ഈറ്റ്‌സിന്റെ ഭക്ഷണം യുസാക മെസാവ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചത്. എല്ലാവർക്കും ഭക്ഷണം എത്തിച്ച് നൽകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. അതും ഭൂമിയ്ക്ക് അകത്ത് മാത്രമല്ല, പുറത്തും അങ്ങനെ തന്നെയാണ്. ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾക്ക് ഭക്ഷണം എത്തിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനമുണ്ട്. ഊബർ ഈറ്റ്സിന് ഇത് വലിയൊരു ഡെലിവറി ആണെന്നും ഊബര്‍ സിഇഒ ഡാറ കോസ്‌റോവ്ഷി പിന്നീട് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എവിടെ പോയാലും എന്തും ലഭിക്കും എന്ന പരസ്യ വാചകം ഇതിലൂടെ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഈ ദൗത്യം എന്നാണ് ഊബര്‍ ഔദ്യോഗിക ട്വിറ്ററിലൂടെ ട്വീറ്റു ചെയ്തത്.

പുഴുങ്ങിയെടുത്ത അയല മീന്‍, മധുരമുള്ള സോസില്‍ പാകം ചെയ്‌തെടുത്ത ബീഫ്, മുളങ്കൂമ്പില്‍ പാകം ചെയ്ത കോഴി, പോര്‍ക്ക് വരട്ടിയത് എന്നിവയായിരുന്നു ഊബര്‍ഈറ്റ്‌സിന്റെ ബഹിരാകാശത്തേക്കുള്ള ആദ്യത്തെ ഭക്ഷണ ഡെലിവറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *