രാജസ്ഥാനിലെ കോട്ടയിൽ മെഡിക്കൽ എൻട്രൻസ് കോച്ചിങ് സെന്ററിൽ രണ്ടു വിദ്യാർഥികൾ കൂടി ആത്മഹത്യ ചെയ്തു. ജീവിതസ്വപ്നങ്ങൾ പൂവണിയിക്കാൻ രാജ്യത്തെ അതിപ്രശസ്ത മെഡിക്കൽ-എഞ്ചിനീയറിങ് കോച്ചിങ് സെന്ററുകളിലെത്തി ഒടുവിൽ സമ്മർദം സഹിക്കാനാവാതെ സ്വയം മരണത്തിലേക്ക് നടന്നടുക്കുന്ന വിദ്യാർഥികളുടെ എണ്ണം ആശങ്കാകുലമായ രീതിയിൽ വർധിക്കുകയാണ്.
ഈ വർഷം ഇതുവരെയായി 23 വിദ്യാർഥികളാണ് മാനസിക സമ്മർദത്താൽ കോട്ടയിലെ കോച്ചിങ് സെന്ററുകളിൽ ജീവനൊടുക്കിയത്.കോച്ചിങ് സെന്ററുകളിലെ പ്രതിവാര പരീക്ഷകളിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള നിരാശയും ആശങ്കയും കാരണമാണ് മിക്ക കുട്ടികളും ആത്മഹത്യ ചെയ്യുന്നതെന്നാണ് ആരോപണം. ഇതേ തുടർന്ന് സൺഡേ ടെസ്റ്റുകൾ നടത്തരുതെന്ന് കോച്ചിങ് സെന്ററുകൾക്ക് അധികൃതർ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, അതെല്ലാം അവഗണിച്ച് പ്രതിവാര പരീക്ഷകൾ നിർബാധം നടക്കുകയാണ്














