ന്യൂഡല്‍ഹി: കൂട്ടിയും കുറച്ചുമുള്ള കാത്തിരിപ്പിന് വിരാമം. അടുത്ത അഞ്ചു വര്‍ഷത്തേക്ക് രാജ്യം ആരു ഭരിക്കുമെന്ന് ഇന്നറിയാം. രാവിലെ എട്ടു മുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങുക. രണ്ടു മണിക്കൂറില്‍ത്തന്നെ ആദ്യസൂചനകള്‍ അറിയാന്‍ തുടങ്ങും. ഉച്ചയോടെ ഏകദേശം ഫലം അറിയാനാവും. മോദിയുടെ മൂന്നാമൂഴമോ അതോ ഇന്‍ഡ്യാ സഖ്യത്തിന്റെ സര്‍പ്രൈസ് എന്‍ട്രിയോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പു ഫലവും പുറത്തുവരും. മാര്‍ച്ച് 19 മുതല്‍ ജൂണ്‍ ഒന്ന് വരെ കാലയളവില്‍ ഏഴ് ഘട്ടങ്ങളിലായി 543 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പു നടന്നത്.
ഓരോ സംസ്ഥാനത്തും വോട്ടുകള്‍ എണ്ണുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്ജമായതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകളെല്ലാം നരേന്ദ്ര മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ്. ഈ ആത്മവിശ്വാസത്തില്‍ പുതിയ സര്‍ക്കാര്‍ രുപീകരിക്കാനുള്ള നീക്കങ്ങള്‍ ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്.
എക്‌സിറ്റ് പോളുകള്‍ തള്ളി, 295 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്‍ഡ്യാ സഖ്യം പറയുന്നത്.
എക്‌സിറ്റ് പോളുകള്‍ക്ക് നേര്‍ വിപരീതമായിരിക്കും യഥാര്‍ഥ ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ കാണിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്തുകയാണ് ബി.ജെ.പിയെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പ്രതികരിച്ചു.
പ്രാദേശിക മാധ്യമങ്ങളുടെ എക്‌സിറ്റ് പോളുകള്‍ പല സംസ്ഥാനങ്ങളിലും ഇന്‍ഡ്യാ സഖ്യത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ resustl.eci.gov.in ലും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പിലും കൗണ്ടിങ് ട്രെന്‍ഡുകളും ഫലങ്ങള്‍ പ്രദര്‍ശിപ്പിക്കും.