കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ച് പ്രധാന പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ച് പ്രധാന പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്.ഇവരുടെ 58 സ്വത്തുവകകളാണ് കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. ബാങ്കിന്റെ മുന്‍ സെക്രട്ടറി ടിആര്‍ സുനില്‍കുമാര്‍, മുന്‍ മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് സികെ ജില്‍സ്, കമ്മീഷന്‍ ഏജന്റ് എകെ ബിജോയ്, സൂപ്പര്‍ മാര്‍ക്കറ്റ് കാഷ്യര്‍ റജി കെ അനില്‍ എന്നിവര്‍ക്കെതിരേയാണ് നടപടി.

ജില്‍സ് 13 കോടിയും കിരണ്‍ 23 കോടിയും ബിജു കരീം 35 കോടിയും ബിജോയ് 35 കോടിയും തട്ടിയെടുത്തെന്നാണ് സഹകരണ വകുപ്പും പൊലീസും അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇന്ന് വിധിയുടെ പകര്‍പ്പു കിട്ടിയാല്‍ കണ്ടുകെട്ടല്‍ നടപടി ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

തിരിമറി നടത്തി സമ്ബാദിച്ച പണം കൊണ്ട് പ്രതികള്‍ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും വാങ്ങിക്കൂട്ടിയ വാഹനങ്ങളും കെട്ടിടങ്ങളും ഉള്‍പ്പെടെ 60 കോടിയുടെ വസ്തുവകകളുണ്ട്. ഭൂമിയും കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 20 വസ്തുവകകള്‍, ഇന്നോവ, ഔഡി കാറുകള്‍, റെയ്ഡ് നടത്തിയപ്പോള്‍ വീട്ടില്‍ നിന്ന് കണ്ടെടുത്ത 3.40 ലക്ഷം രൂപ, 2.08 ലക്ഷത്തിന്റെ വിദേശ കറന്‍സി, ബിജോയുടെയും സ്ഥാപനങ്ങളുടെയും പേരിലുണ്ടായിരുന്ന 57 ബാങ്ക് അക്കൗണ്ടുകള്‍, 35.87 ലക്ഷം രൂപ. ഇവയാണ് കണ്ടുകെട്ടുന്നത്.

ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ അപേക്ഷ അംഗീകരിച്ചാണ് കോടതി നടപടി. പരാതിയുയര്‍ന്ന കാലത്ത് പ്രതികള്‍ 117 കോടിയുടെ വ്യാജ വായ്പകള്‍ തരപ്പെടുത്തിയെന്നും ഈ തുക തട്ടിയെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ 20 പേരും ഇപ്പോള്‍ പുറത്തിറങ്ങി. ഭരണ സമിതിയിലെ 14 പേരും ജീവനക്കാര്‍ ഉള്‍പ്പെടെ ആറ് പേരും സിപിഎമ്മിന്റെ ഭാരവാഹികളും അംഗങ്ങളും അനുഭാവികളുമായിരുന്നു.

സുനില്‍ കുമാറിന് തട്ടിപ്പിലൂടെ ആര്‍ജിച്ച സ്വത്തുക്കളില്ലാത്തതിനാല്‍ കണ്ടുെകട്ടാനാകില്ല. ഒന്നാം പ്രതി സുനില്‍കുമാര്‍ തട്ടിപ്പില്‍ പങ്കാളിയാണെങ്കിലും പണമോ വസ്തുക്കളോ ഇതിലൂടെ ആര്‍ജിച്ചില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

എകെ ബിജോയുടെ 30.70 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ആദ്യമായാണ് ഇഡി കണ്ടുകെട്ടല്‍ നടപടിയെടുക്കുന്നത്. ക്രൈം ബ്രാഞ്ച് എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ 2021 ഓഗസ്റ്റില്‍ ഇഡി കേസെടുത്തിരുന്നു. ബാങ്കില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *