ഇന്ന് തൃശൂർപൂരം;ശക്തന്റെ തട്ടകത്തിലേക്കൊഴുകി ജനസാഗരം

ഇന്ന് തൃശൂർപൂരം,കണിമംഗലം ശാസ്താവ് തട്ടകത്തിൽനിന്നു പുറപ്പെട്ട് വടക്കുംനാഥ സന്നിധിയിലെത്തി. ഘടകപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ സന്നിധിയിലേക്ക് എത്തിച്ചേർന്നു തുടങ്ങി. ജനസാഗരമാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തുന്നത്. പതിനൊന്ന് മണിയോടെ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇലഞ്ഞിത്തറ മേളം.11.30നു ബ്രഹ്മസ്വം മഠത്തിനു മുന്നിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ്‌ ഉണ്ടാകും. തിരുവമ്പാടി ചന്ദ്രശേഖരൻ ആയിരിക്കും തിടമ്പേറ്റുന്നത്. കോങ്ങാട്‌ മധു പ്രമാണിയായി പഞ്ചവാദ്യധാരയും മേളത്തിന് ഇത്തവണ മാറ്റ് കൂട്ടും.

2.30നു വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിൽ ഇലഞ്ഞിത്തറ മേളം.ശേഷം ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്ത്‌ എത്തി കൊട്ടികയറ്റം ചടങ്ങ് നടത്തും. കൂടാതെ പാറമേക്കാവ് എഴുന്നള്ളിപ്പും ആരംഭിക്കും. വൈകിട്ട് 5.30നു കുടമാറ്റം നടക്കും.തിരുവമ്പാടിയും പാറമേക്കാവും എന്തൊക്കെ സർപ്രൈസായിരിക്കും കാത്തുവയ്ക്കുക എന്നതാണ് ഏവരുടേയും ആകാംക്ഷ. നാളെ രാവിലെ മൂന്ന് മണിക്കാണ് വെടിക്കെട്ട്. നയന മനോഹര കാഴ്ചകളാകും വടക്കുംനാഥ സന്നിധി ഒരുക്കിയിരിക്കുന്നതെന്നതിൽ സംശയമില്ല.

മറ്റന്നാൾ രാവിലെ പകൽ പൂരത്തിനും വെടിക്കെട്ടിനും ശേഷം ഉപചാരം ചൊല്ലിപ്പിരിയും.പൂരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനായി 500 സിസിടിവി ക്യാമറകളാണ് പൊലീസ് സജ്ജമാക്കിയിരിക്കുന്നത്. ഇത്തവണ 18 ലക്ഷം പേർ തൃശൂർ പൂരത്തിനെത്തുമെന്നാണു ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. ഇതിനനുസരിച്ച് വനിതകൾ ഉൾപ്പെടെ 4000 പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിക്കുന്നത്. ദുരന്ത നിവാരണ സേനാംഗങ്ങൾ, അഗ്നിരക്ഷാ സേന എന്നിവയും നഗരത്തിലുണ്ടാകും. ജില്ലാ മെഡിക്കൽ ഓഫിസർ സാക്ഷ്യപ്പെടുത്തിയ നോട്ടീസ് പതിപ്പിച്ച ആംബുലൻസുകളെ മാത്രമേ പൂരനഗരിയിലേക്ക് കടത്തിവിടൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *