കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളേജ് ഹൗസ് സര്‍ജനായ മനസയെ വെടിവെച്ച് കൊന്ന കേസില്‍ പിടികൂടിയ ബീഹാര്‍ സ്വദേശികളെ ഇന്ന് എറണാകുളത്തെത്തിക്കും. മനസയെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക് രാഖിലിന് എത്തിച്ച കൊടുത്ത ആളുകളെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
ബിഹാറില്‍ നിന്ന് കേസിന്റെ ഭാഗമായി പിടികൂടിയ സോനു കുമാര്‍ മോദി, മനീഷ് കുമാര്‍ എന്നിവരെയാണ് ഇന്ന് എറണാകുളത്ത് എത്തിക്കുന്നത്. ഇന്ന് വിമാന മാര്‍ഗമാണ് അവരെ എത്തിക്കുന്നത്. തുടര്‍ന്ന് നാളെ ഇരുവരെയും കോതമംഗലം ഫസ്റ്റ് ക്ലാസ് മാജിസ്ട്രെറ്റിന് മുന്നില്‍ ഹാജരാക്കും.
രാഖിലിന് 35000 രൂപയ്ക്കാണ് തോക്ക് എത്തിച്ച് നല്‍കിയതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബീഹാര്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ കോതമംഗലം പൊലീസ് പിടികൂടിയത്. കോതമംഗലം എസ്ഐ മാഹിനിന്റെ നേതൃത്വത്തില്‍ മൂന്ന് പൊലീസുകാരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ മുന്ഗര് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് നേടിയതിനെ തുടര്‍ന്നാണ് കേരളത്തില്‍ എത്തിക്കുന്നത്. രാഖിലിനെ സോനുവിലേക്ക് എത്തിച്ചത് ഒരു യൂബര്‍ ഡ്രൈവര്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇയ്യാള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.