ഉത്തരകൊറിയയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും

പ്യോംങ്യാംഗ് : ഉത്തരകൊറിയയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. അയ്യായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. വെളളപ്പൊക്കത്തില്‍ ഏക്കര്‍ കണക്കിന് കൃഷിയും വിളകളും നശിച്ചുപോയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഭക്ഷ്യപ്രതിസന്ധി രൂക്ഷമായേക്കുമെന്നും ആശങ്ക ഉയര്‍ന്നു തുടങ്ങി.

ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന കഴിഞ്ഞ മാസത്തില്‍ പ്രവചിച്ചതനുസരിച്ച്‌ ഉത്തര കൊറിയ ഈ വര്‍ഷം ഏകദേശം 8,60,000 ടണ്‍ ഭക്ഷ്യക്ഷാമം നേരിടുന്നു.രാജ്യത്തിന് ‘കഷ്ടപ്പാടുകള്‍ നിറഞ്ഞ മെലിഞ്ഞ കാലഘട്ടം’ അനുഭവപ്പെടുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ടെലിവിഷനില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ വീടുകളുടെ മേല്‍ക്കൂരയിലേക്ക് വെള്ളം കയറുന്നതും പാലങ്ങള്‍ തകര്‍ന്നതും കാണാം. ദക്ഷിണ ഹാംഗ്യോംങില്‍ നൂറു ഹെക്ടര്‍ കൃഷിഭൂമികള്‍ മുങ്ങുകയോ നഷ്ടപ്പെടുകയോ ചെയ്തുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. നദിയിലെ അണക്കെട്ടുകള്‍ തകര്‍ന്നതിനാല്‍, വീടുകള്‍ക്കും റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

എല്ലാ മേഖലകളും യൂണിറ്റുകളും പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യം ഭക്ഷ്യ പ്രതിസന്ധി നേരിടുകയാണെന്ന് ജൂണില്‍ ഉത്തരകൊറിയ സമ്മതിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *