ഗവര്‍ണര്‍ നല്‍കിയ സമയം ഇന്ന് രാവിലെ പതിനൊന്നരവരെ; നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം:ഗവര്‍ണറുടെ രാജി ആവശ്യത്തിനെതിരെ വിസിമാര്‍ നിയമപരമായി പോരാടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. സ്വയംഭരണ സ്ഥാപനങ്ങളായതിനാല്‍ സര്‍വകലാശാലകള്‍ തന്നെയാവും ചാന്‍സിലര്‍ക്ക് എതിരെ നിയമ വഴി തേടുക.

കെടിയു വിസി നിയമനം റദ്ദാക്കിയത് സുപ്രിംകോടതിയാണ്. അത് അംഗീകരിച്ച് ഡിജിറ്റല്‍ സര്‍വകലാശാല വിസിക്ക് പകരം ചുമതല നല്‍കാന്‍ സര്‍ക്കാര്‍ ചാന്‍സിലര്‍ക്ക് ശിപാര്‍ശ നല്‍കി. ബാക്കിയുള്ള വിസിമാര്‍ ആരും രാജിവെക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നിലവിലെ സുപ്രിംകോടതി വിധി കെടിയു വിസി നിയമന കാര്യത്തില്‍ മാത്രം ബാധകമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഗവര്‍ണര്‍ വിസിമാരെ പുറത്താക്കുന്നതിലേക്ക് കടക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

ഗവര്‍ണറുടേത് ഏകപക്ഷീയ നീക്കമാണെന്നും സര്‍ക്കാരിന് കൂച്ചു വിലങ്ങിടാനാണ് ശ്രമമെന്നും സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. യുജിസി നിയമ പ്രകാരം ചാന്‍സിലര്‍ക്ക് വിസിയെ പുറത്താക്കണമെങ്കില്‍ സ്വഭാവ ദൂഷ്യമോ സാമ്പത്തിക ക്രമക്കേടോ കണ്ടെത്തണം. അതിനാല്‍ രാജിവെക്കില്ലെന്നാണ് കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്റെ നിലപാട്.

കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല വി.സിമാരോട് ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ടിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *