ഇനിയെങ്കിലും സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കണമെന്ന് കെ മുരളീധരന്‍

ഒമ്പത് വിസിമാര്‍ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കര്‍ശന നിര്‍ദേശത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍ എം പി. വിസി നിയമനത്തില്‍ ഇനിയെങ്കിലും സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കുകയാണ് നല്ലതെന്ന് കെ മുരളീധരന്‍ പറഞ്ഞു. വിദഗ്ധരായ വിസിമാരെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിക്ക് ഗവര്‍ണറുമായി കൂടിയാലോചിച്ച് തീരുമാനിക്കണമെന്നും നിലവില്‍ വിസിമാര്‍ രാജി വെക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തെറ്റായ പ്രവര്‍ത്തനമാണ് ഈ വിഷയത്തില്‍ നടന്നത്. ഇതിന് ഗവര്‍ണറും കൂട്ടുനില്‍ക്കുകയാണ് ഉണ്ടായത്. അതിന്റെ ഫലമാണ് ഇപ്പോള്‍ സംഭവിച്ചതെന്നും രണ്ട് പേര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നും ആരും നല്ലവരല്ലെന്നും മുരളീധരന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കാലടി, മലയാളം, ഫിഷറീസ്, സാങ്കേതികം, കുസാറ്റ് വിസിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. ഇന്ന് 11.30നുള്ളില്‍ തന്നെ രാജിവയ്ക്കണമെന്നാണ് ഗവര്‍ണര്‍ വിസിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 10.30 ന് പാലക്കാട് കെഎസ്ഇബി ഐബിയില്‍ വച്ചാകും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. വിസിമാര്‍ രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *