ബംഗാളിലെ ബരാസത്ത് ലോക്‌സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ മാറ്റി


ബംഗാളിലെ ബരാസത്ത് ലോക്‌സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ മാറ്റി. ഇടതുമുന്നണിയിലെ ഫോര്‍വേഡ് ബ്ലോക്കിന് അനുവദിച്ചിരിക്കുന്ന മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെയാണ് മാറ്റിയത്.ബരാസത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പ്രോബിര്‍ ഘോഷിനെയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രോബിറിന് ബിജെപിയുമായി ബന്ധമുണ്ടെന്ന പരാതികള്‍ വന്നതിനെ തുടര്‍ന്നാണ് മാറ്റിയതെന്നാണ് ഇടതുവൃത്തങ്ങളില്‍ നിന്നുള്ള വിവരം.


ബിജെപിയുടെ അധ്യാപക സംഘടനയുമായി പ്രോബിറിന് ബന്ധമുണ്ടെന്നാണ് പരാതി.പ്രോബിറിന് പകരം നോര്‍ത്ത് 24 പര്‍ഗാന ജില്ല ഫോര്‍വേഡ് ബ്ലോക്ക് പ്രസിഡന്റ് സഞ്ജീബ് ചതോബാദ്യായയെയാണ് പുതിയ സ്ഥാനാര്‍ത്ഥിയായി ഫോര്‍വേഡ് ബ്ലോക്ക് പ്രഖ്യാപിച്ചത്. ജില്ലയിലെ ബരാനഗര്‍ നിയോജക മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെയും ഇടതുമുന്നണി പ്രഖ്യാപിച്ചു.


മുന്‍ സിപിഐഎം എംഎല്‍എ തന്‍മയ് ഭട്ടാചാര്യയെയാണ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ എംഎല്‍എയായിരുന്ന തപസ് റോയ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. തപസ് റോയ് ഉത്തര്‍ കൊല്‍ക്കത്ത ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്.



Sharing is Caring