ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ബില്ല് അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെ ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ബില്ല് അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതടക്കമുള്ള പ്രധാന തെരഞ്ഞെടുപ്പ് പരിഷ്‌കരണഭേദഗതിക്ക് ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഇരട്ടവോട്ടും കള്ളവോട്ടും തടയുന്നതിനും, വോട്ടെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കാനും, തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനുമാണ് നിയമത്തില്‍ പുതിയ ഭേദഗതികള്‍ നടപ്പാക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു വര്‍ഷം ഒന്നിലധികം അവസരങ്ങളും നല്‍കും. പാര്‍ലമെന്റില്‍ നടപ്പ് സമ്മേളനത്തില്‍ത്തന്നെ ഇതുമായി ബന്ധപ്പെട്ട ബില്ല് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കും.

വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കുന്നതോടെ ഒരാള്‍ക്ക് ഒരു സ്ഥലത്ത് മാത്രമേ വോട്ട് ചെയ്യാനാകൂ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പൈലറ്റ് പ്രോജക്ട് നടത്തിയിരുന്നു. ഈ പ്രോജക്ട വിജമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഭേദഗതി നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി നിലവിലുണ്ട്. പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്രം നേരത്തെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആരെയും നിര്‍ബന്ധിക്കില്ല. അതേസമയം, ഇതുരണ്ടും തമ്മില്‍ ബന്ധിപ്പിക്കാത്തവരെ എളുപ്പത്തില്‍ കണ്ടെത്തി നിരീക്ഷിക്കാനും സാധിക്കും. സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കൂടി പരിശോധിച്ചതിന് ശേഷമേ ഉത്തരവ് പുറത്തിറക്കൂ.

ബില്ലിലെ മറ്റൊരു ശ്രദ്ധേയനിര്‍ദ്ദേശമാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു വര്‍ഷം കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നത്. ജനുവരി 1, 2022 മുതല്‍ ആദ്യമായി വോട്ട് ചെയ്യുന്ന 18 വയസ്സുകാര്‍ക്ക് വര്‍ഷത്തില്‍ നാല് തവണ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കും. ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നിങ്ങനെ തീയതികളില്‍ തുടങ്ങുന്ന കാലാവധികളിലാകും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയുക. ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമേ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ.

സൈന്യത്തിന്റെ നയങ്ങളില്‍ കൂടുതല്‍ ലിംഗസമത്വം ഉറപ്പ് വരുത്തുന്നതിനായി വനിതാസൈനികരുടെ ഭര്‍ത്താക്കന്‍മാര്‍ക്കും അവര്‍ താമസിക്കുന്ന നാട്ടില്‍ തന്നെ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കും. നിലവില്‍ സൈനികര്‍ക്ക് എല്ലാവര്‍ക്കും അവര്‍ താമസിക്കുന്ന നാട്ടിലെ വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. സൈനികനോടൊപ്പം ജോലിസ്ഥലത്ത് ഭാര്യ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും സ്വന്തം നാട്ടിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആകും. എന്നാല്‍ ഒട്ടേറെ വനിതകള്‍ സൈന്യത്തിന്റെ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നുണ്ട്‌. അതിനാല്‍ അവരുടെ ഭര്‍ത്താവും അവര്‍ക്കൊപ്പം താമസിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിനും നാട്ടില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കുന്ന തരത്തിലുള്ള ഭേദഗതിയും ബില്ലിലുണ്ട്. ഇതിനായി ചട്ടത്തില്‍ നിലവില്‍ ‘ഭാര്യ’ എന്ന് കൊടുത്തിരിക്കുന്ന ഭാഗത്ത് ‘ജീവിതപങ്കാളി’ എന്നാക്കി മാറ്റും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *