ദില്ലി: ലാക്‌സഭ പാസാക്കിയ തെലങ്കാന ബില്‍ ഇന്ന് (19-02-2013) രാജ്യസഭയില്‍ ചര്‍ച്ച ചെയ്യും. സീമാന്ധ്രാ മേഖലയില്‍ നിന്നുള്ള അംഗങ്ങളുടെ ബഹളത്തിനിടെയായിരുന്നു തെലങ്കാന ബില്‍ ശബ്ദവോട്ടോടെ ലോക്‌സഭ അംഗീകരിച്ചത്. അതിനാല്‍ ഇന്ന് രാജ്യസഭയില്‍ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോഴും സീമാന്ധ്രയില്‍ നിന്നുള്ള എംപിമാര്‍ ബഹളമുണ്ടാക്കുമെന്നുറപ്പാണ്. ചര്‍ച്ച തടസ്സപ്പെടുത്തുമെന്ന് കേന്ദ്ര വിനോദസഞ്ചാര മന്ത്രി കെ. ചിരഞ്ചീവി പ്രഖ്യാപിച്ചുകഴിഞ്ഞു.
ലോക്‌സഭയില്‍ ബഹളം ക്രമാതീതമായതോടെ ലോക്‌സഭ ടിവി സംപ്രേക്ഷണം നിര്‍ത്തിവെക്കേണ്ടിയും വന്നു. അവസാനനിമിഷം ബിജെപിയും ബിഎസ്പിയും പിന്തുണച്ചതാണ് തെലങ്കാനബില്ലിന് ലോകസഭയില്‍ തുണയായത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ഇന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജഗ്‌മോഹന്‍ റെഡ്ഡിയുടെ ആഹ്വാനത്തെ തുടര്‍ന്ന് ആന്ധ്രയില്‍ ഇന്ന് ബന്ദ് ആചരിക്കുകയാണ്.