കോട്ടയം:വെന്നിമല ക്ഷേത്രം ഇനി സംരക്ഷിത സ്മാരകം

കോട്ടയം:പുരാതനവും ചരിത്രപ്രസിദ്ധവുമായ വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമിക്ഷേത്രം കേരള പുരാവസ്തു നിയമപ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം മുഖ്യമന്ത്രി വായിച്ചു.സാംസ്‌കാരിക, ഗ്രാമ വികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് ക്ഷേത്രനവീകരണ ധനസഹായ പ്രഖ്യാപനവും മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. വെന്നിമല ക്ഷേത്രം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നത് നാടിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും സഹകരണത്തോടെ ക്ഷേത്രത്തിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 40 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തില്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. ഇതില്‍ 29 ലക്ഷം രൂപ വലിയമ്പലം, കൂത്തമ്പലം, ബലിക്കല്‍പ്പുര എന്നിവയുടെ സംരക്ഷണത്തിനും 11 ലക്ഷം രൂപ ഗോപുരത്തിനും ആനപ്പന്തലിനും വേണ്ടിയാണ് ചെലവിടുക. ക്ഷേത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഈ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ഭരണസമിതി പ്രസിഡന്റ് കെ.എ. പ്രസാദ് അധ്യക്ഷത വഹിച്ചു. കേരള പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ.പ്രേം കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, അംഗം എന്‍.ജെ. പ്രസാദ്, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികലാദേവി, വൈസ് പ്രസിഡന്റ് സാബു പുതുപ്പറമ്പില്‍, അംഗം ജെസിമോള്‍ മനേജ്, ദേവസ്വം ഭരണസമിതി സെക്രട്ടറി എസ്. പ്രദീപ്കുമാര്‍, വൈസ് പ്രസിഡന്റ് എം.ജി. നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *