പത്രപ്പരസ്യം നല്‍കിയ ഹോര്‍ട്ടികോര്‍പ് മുന്‍ എം‌ഡിക്കെതിരെ നടപടി : കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍


സ്ഥാനത്തുനിന്നു നീക്കിയശേഷം ഹോര്‍ട്ടികോര്‍പ്പിന്റെ പേരുപയോഗിച്ച്‌ പത്രത്തില്‍ പരസ്യം നല്‍കിയ എംഡിക്കെതിരെ നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍.


പത്രപ്പരസ്യത്തില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ പേര് ഉപയോഗിച്ചത് ശരിയായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. എംഡി കൃഷിക്കാരുടെ താല്‍പ്പര്യത്തിനു വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും കൃഷിമന്ത്രി പറഞ്ഞു.


ഏഴാം തീയതി ആനയറ മൊത്തവ്യാപാര കേന്ദ്രത്തില്‍ മന്ത്രി നേരിട്ടുപോയി പരിശോധിച്ചശേഷമാണ് നടപടിയെടുത്തത്. കര്‍ഷകര്‍ തന്നെ നേരിട്ട് ഇക്കാര്യം പറയുകയുണ്ടായി. ഇടപാടുകാരെ മന്ത്രി നേരിട്ടു വിളിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാണ് കേരളത്തിലുള്ള കര്‍ഷകരില്‍ നിന്നല്ല പച്ചക്കറി വാങ്ങിക്കുന്നതെന്ന് വ്യക്തമായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പുതിയ എം.ഡി ഹോര്‍ട്ടികോര്‍പ്പില്‍ ചുമതലയേല്‍ക്കും.

 



Sharing is Caring