കുളച്ചല്‍ തുറമുഖം; ആശങ്ക പ്രധാനമന്ത്രിയെ നേരില്‍ അറിയിക്കും: മുഖ്യമന്ത്രി

വിഴിഞ്ഞത്തിന് 30 കിലോമീറ്റര്‍ മാത്രം അകലെ കുളച്ചലില്‍ പുതിയ തുറമുഖം ആരംഭിക്കാന്‍ കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയതിലുള്ള കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എം വിന്‍സന്റിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഈ മാസംതന്നെ പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിന് സമയം ചോദിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ക്കുന്ന എംപിമാരുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്യും. പ്രശ്നം പാര്‍ലമെന്റിലും അവതരിപ്പിക്കും. വിഴിഞ്ഞം പദ്ധതിക്ക് അംഗീകാരം തേടുന്നകാലത്ത് 250 കിലോമീറ്റര്‍ അകലെ വല്ലാര്‍പാടം ടെര്‍മിനലുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് അനുമതി വൈകിയത്. ഇപ്പോള്‍ കേവലം 30 കിലോമീറ്റര്‍ മാത്രം അകലെ കുളച്ചലില്‍ യുക്തിരഹിതമായി തുറമുഖത്തിന് അനുമതി നല്‍കിയിരിക്കയാണ്. നികുതിപ്പണം ഇത്തരത്തില്‍ അശാസ്ത്രീയമായി വിനിയോഗിക്കുന്നത് അംഗീകരിക്കാനാകില്ല.

വിഴിഞ്ഞം തുറമുഖത്തിന് എല്ലാ അനുമതിയും ലഭിച്ചുകഴിഞ്ഞു. പദ്ധതിപ്രവര്‍ത്തനം തുടങ്ങി. 1000 ദിവസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നാണ് കണക്കാക്കുന്നത്. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കേണ്ട അനുബന്ധ സൌകര്യങ്ങള്‍ നിശ്ചിതസമയത്തിനുമുമ്പേ പൂര്‍ത്തിയാക്കും. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി ഏകോപിപ്പിച്ച് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍, സര്‍ക്കാരിന് പരിമിതിയുമുണ്ട്. ഇക്കാര്യത്തില്‍ അദാനി ഗ്രൂപ്പിനാണ് മുന്‍കൈയെടുക്കാന്‍ കഴിയുക. പദ്ധതിയുടെ നിയന്ത്രണം അവര്‍ക്കാണ്. നേരത്തെ ഉദ്ദേശിച്ച ലാന്‍ഡ്ലോഡ് പോര്‍ട് മാതൃക ഒഴിവാക്കിയതിനാല്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണമില്ലാതായി. ഇത് പദ്ധതിച്ചെലവ് വര്‍ധിക്കാന്‍ ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *