അമേരിക്ക, റഷ്യ, ബ്രിട്ടൺ, ചൈന, ജപ്പാൻ, കൊറിയ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഒളിമ്പിക്‌സുകളിൽ മെഡൽ വേട്ട നടത്തുമ്പോൾ ഇന്ത്യയുടെ സ്ഥാനം ഇത്തവണയും എവിടെയായിരിക്കും. അടുത്ത മാസം 5ന് ബ്രസീലിലെ റിയോ ഡി ജനീറോയിൽ അരങ്ങേറുന്ന 31-മത് ലോക കായികമേളക്ക് ജംബോ സംഘത്തെ അയക്കുന്ന രാജ്യം തികഞ്ഞ പ്രതീക്ഷയിലാണ്. 121 പേരാണ് 120 കോടി ജനങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കാരിക്കാനായി മത്സരത്തിനിറങ്ങുക. മുൻ ഒളിമ്പിക്‌സുകളേക്കാൾ ഏറെ കൂടുതലാണിത്. 2012-ലെ ഒളിമ്പിക്‌സിൽ 83 പേർ പങ്കെടുത്ത സ്ഥാനത്താണ് ഇത്തവണ നൂറും കടന്ന് ഇന്ത്യൻ സംഘം. അത്‌ലറ്റിക്‌സിൽ മാത്രം 36 താരങ്ങളാണ് മത്സരിക്കുക. 38 പേരെയായിരുന്നു അത്‌ലറ്റിക് ഫെഡറേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
മലയാളിതാരം മുഹമ്മദ് അനസും നിർമല ഷെയ്‌റോണും വ്യക്തിഗത 400 മീറ്ററിലും 4-400 മീറ്റർ റിലേയിലും യോഗ്യതനേടിയ ടീമിലുണ്ടായിരുന്നു. ഇവരെക്കൂടാതെ റിലേ ടീമിലേക്ക് പ്രിയങ്ക പൻവാറിനെയും ലളിത് മാഥൂറിനെയും ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ, അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷൻെറ എറ്റവും പുതിയ നിയമമനുസരിച്ച് വ്യക്തിഗത ഇനത്തിൽ മത്സരിക്കുന്നവർക്ക് റിലേയിൽ പങ്കെടുക്കണമെങ്കിൽ ടീമിൽ അവരെയും ഉൾപ്പെടുത്തണം. ഇതോടെയാണ് രണ്ടുപേരെ കുറക്കാൻ നിർബന്ധിതരായത്.
കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ നേടിയ ആറ് മെഡലുകളേക്കാൾ കൂടുതൽ റിയോയിൽ നിന്ന് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ താരങ്ങൾ. കഴിഞ്ഞ തവണ രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. ഷൂട്ടിങിൽ വിജയകുമാറും ഗുസ്തിയിൽ സുശീൽകുമാറുമാണ് കഴിഞ്ഞ തവണ രാജ്യത്തിനായി വെള്ളിമെഡലുകൾ നേടിയത്. ബാഡ്മിന്റണിൽ സൈന നെഹ്‌വാൾ, ബോക്‌സിങിൽ മേരികോം, ഗുസ്തിയിൽ യോഗേശ്വർ ദത്ത്, ഷൂട്ടിങിൽ ഗഗൻ നാരംഗ് എന്നിവർ വെങ്കലവും നേടി.

നരേന്ദ്രമോദി സർക്കാരിന്റെ കായികനയങ്ങളും ഇത്തവണ രാജ്യത്തിന്റെ ഒളിമ്പിക്‌സ് പ്രതീക്ഷകൾ സജീവമാക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് വിദേശങ്ങളിൽ പരിശീലനം നടത്തുന്നതിനും മറ്റുമായി ലക്ഷക്കണക്കിന് രൂപയാണ് ചിലവഴിച്ചിട്ടുള്ളത്. ഇന്ത്യയിലെ മുൻനിര താരങ്ങൾക്കെല്ലാം ഇതിന്റെ ഗുണം ലഭിച്ചിട്ടുമുണ്ട്.













