കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണം:നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി

കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് ചിന്തന്‍ ശിബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ സുരക്ഷയ്ക്ക് യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. കുറ്റകൃത്യങ്ങള്‍ തടയല്‍ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. 5ജിയുടെ വരവോടെ സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്ത് പൊലീസ് യൂണിഫോമുകള്‍ ഏകീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് ദ്വിദിന ചിന്തന്‍ ശിബിര്‍ നടക്കുന്നത്. ഹരിയാനയിലെ സൂരജ് കുണ്ഡില്‍ നടന്നുകൊണ്ടിരിക്കുന്ന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരും ഡിജിപിമാരും കേന്ദ്ര സായുധ പൊലീസ് സേനകളുടെയും സെന്‍ട്രല്‍ പൊലീസ് ഓര്‍ഗനൈസേഷനുകളുടെയും ഡയറക്ടര്‍ ജനറലുകളും ചിന്തന്‍ ശിബിറില്‍ പങ്കെടുക്കുന്നുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശകലനവും നയരൂപീകരണവും നടത്തും.

പൊലീസ് സേനയുടെ നവീകരണം, സൈബര്‍ കുറ്റകൃത്യങ്ങളുടെ നിയന്ത്രണം, സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍, സ്ത്രീസുരക്ഷ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിഷയങ്ങളാകും വിശകലന യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *