ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെയും പരിഹാസിക്കുന്ന ലേഖനവുമായി ശ്രീലങ്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ജയലളിത മോഡിക്ക് അയച്ച കത്ത് പ്രണയലേഖനമാണെന്നാണ് വെബ്‌സൈറ്റ് ചിത്രീകരിക്കുന്നത്. ‘ ഹൗ മീനിംഗ്ഫുള്‍ ആര്‍ ജയലളിതാസ് ലൗ ലെറ്റേഴ്‌സ് ടു നരേന്ദ്രമോഡി’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെയും ഒരു മുഖ്യമന്ത്രിയെയും പരിഹസിക്കുന്നത്
ജയലളിത നരേന്ദ്രമോഡിയെ ഓര്‍ത്തുകൊണ്ട് കത്തെഴുതുന്ന ചിത്രമാണ് വെബ്‌സൈറ്റിന്റെ ആമുഖ പേജില്‍ നല്‍കിയിരിക്കുന്നത്.
ഇന്ത്യയൂടെ ഭാഗത്ത് മത്സ്യങ്ങളില്ല എങ്കില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മറ്റു ഉപജീവന മാര്‍ഗം കണ്ടെത്തിക്കൊടുക്കുകയാണ് വേണ്ടത്. ജയലളിതയുടെ ദുശ്ശാഠ്യം അനുവദിച്ചു നല്‍കിയാല്‍ മോഡി സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് കോട്ടം തട്ടുമെന്ന മുന്നറിയിപ്പും വെബ്‌സൈറ്റില്‍ വന്ന ലേഖനത്തിലുണ്ട്.
ശ്രീലങ്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെയും നഗരവികസന വകുപ്പിന്റെയും സംയുക്ത വെബ്‌സൈറ്റായ ‘ഡിഫന്‍സ് ഡോട്ട് എല്‍കെ എന്ന സൈറ്റിലാണ് ഇന്ത്യന്‍ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഭിപ്രായങ്ങള്‍ എന്ന കാറ്റഗറിയിലാണ് ലേഖനം. വ്യക്തികളുടെ കാഴ്ചപ്പാടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് ലേഖനത്തിന്റെ അവസാനം ചേര്‍ത്തിട്ടുണ്ട്.