ആലപ്പുഴ: അസാപ് കേരളയുടെ നിർമ്മാണം പൂർത്തിയായ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കും ആലപ്പുഴ എം.എൽ.എ യുടെ 2022-23 ആസ്തി വികസന ഫണ്ടിൽ നിർമ്മിച്ച ഇ-ലേർണിംഗ് ലാബിന്റെ ഉദ്ഘാടനവും 2024 ജനുവരി 23 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ബഹു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. ആലപ്പുഴ എം.എൽ.എ പി പി ചിത്തരഞ്ജന്റെ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് വിശിഷ്ടാതിഥിയാകും.
നൂതന തൊഴിൽ മേഖലകളിലേക്ക് എത്തിപ്പെടാൻ അഭ്യസ്തവിദ്യരും തൊഴിൽപരിജ്ഞാനമുള്ളവരുമായ യുവജനതയെ പ്രാപ്തരാക്കുന്നതിനു വേണ്ടിയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഫലപ്രദമായ ഇടപെടലാണ് അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരള. അസാപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ പൊതുസ്വകാര്യ പങ്കാളിത്തത്തിൽ നടപ്പിലാക്കുന്ന, മികവുറ്റതും നൂതനവുമായ തൊഴിൽപരിശീലന കേന്ദ്രങ്ങളാണ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകൾ.
ഇത്തരത്തിൽ ഏഷ്യൻ ഡെവലപ്മെൻറ്റ് ബാങ്കിന്റെ സഹായത്തോടെ വിഭാവനം ചെയ്ത 16 സ്കിൽ പാർക്കുകളിൽ നിർമ്മാണം പൂർത്തിയാക്കിയ 15 ആമത്തെ പാർക്കാണ് ഉൽഘാടനത്തിന് തയ്യാറായിട്ടുള്ള ആലപ്പുഴ ചെറിയ കലവൂരിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക്. ഒരു ഏക്കറോളം വരുന്ന ജില്ലാ പഞ്ചായത്ത് വക സ്ഥലത്ത് ദേശീയ പാതയിൽ നിന്നും മുന്നൂറു മീറ്റർ മാത്രം ദൂരത്തിലാണ് സ്കിൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.
ഇ-ലേർണിംഗ് ലാബ്
ആലപ്പുഴയെ ഐ ടി, ഇതര മേഖലയിൽ മുന്നോട്ടു നയിക്കേണ്ട ആവശ്യം മനസിലാക്കിയാണ് ആലപ്പുഴ MLA പി.പി.ചിത്തരഞ്ജന്റെ 2022-23 ആസ്തി വികസന ഫണ്ടിൽനിന്നും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഇ-ലേർണിംഗ് ലാബ് കലവൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നിർമ്മിച്ചിട്ടുള്ളത്. 1.09 കോടി രൂപ ചിലവിൽ പദ്ധതി നിർവഹണം പൂർത്തിയാക്കിയത് സർക്കാർ ഏജൻസിയായ കെൽട്രോൺ ആണ്. പ്രസ്തുത ചടങ്ങിൽ ഇ-ലേർണിംഗ് ലാബ് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി നാടിനു സമർപ്പിക്കും. ഇ-ലേർണിംഗ് പാർക്കിലൂടെ ആലപ്പുഴ മണ്ഡലത്തെ ഒരു സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ മണ്ഡലമാക്കാനാണു ലക്‌ഷ്യം. .
സ്‌കിൽ പാർക്കിലെ സൗകര്യങ്ങൾ
മൂന്ന് നിലകളിലായി, 28,952 ചതുരശ്രഅടി വിസ്തീർണ്ണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സജ്‌ജമായിട്ടുള്ളത്.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും, ലാബ് സൗകര്യങ്ങളും ഈ കെട്ടിടത്തിന്റെ പ്രത്യേകതയാണ്. വിദ്യാർത്ഥികൾക്കായി ലോക്കർ സൗകര്യമുള്ള ചെയിഞ്ചിങ് മുറികൾ, മീറ്റിംഗ് റൂമുകൾ, പ്രേത്യേക സെർവർ സൗകര്യവും ഒരുക്കിയിരിക്കുന്നു. ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ രീതിയിലാണ് സ്കിൽ പാർക്ക് നിർമ്മിച്ചിട്ടുള്ളത്. ലിഫ്റ്റ്, ഭിന്നശേഷിക്കാർക്കായുള്ള ടോയ്‌ലറ്റ് സൗകര്യം, കാഴ്ച പരിമിതിയുള്ളവർക്കായുള്ള ടൈലുകൾ എന്നിവ പ്രത്യേകം ഒരുക്കിയിരിക്കുന്നു. 56,350 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും, മഴവെള്ളം പുനരുപയോഗിക്കാൻ ഫിൽറ്റർ സംവിധാനവും സ്കിൽ പാർക്കിൽ ഒരിക്കിയിട്ടുണ്ട്.
പരിശീലന പങ്കാളിയും കോഴ്സുകളും
ഓപ്പൺ വാട്ടർ ഡൈവിംഗ് മേഖലയിൽ പരിശീലനം നൽകുന്ന ബോണ്ട് സഫാരിയായും, ബ്യൂട്ടി & മേക്കപ്പ് മേഖലയിലെ പ്രമുഖരായ നാച്ചുറൽസുമായും വിവിധ കോഴ്സുകളിൽ പരിശീലനം നൽകാൻ അസാപ് കേരള ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഇതിനായുള്ള പരിശീലന കേന്ദ്രവും സ്‌കിൽ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഓപ്പൺ വാട്ടർ ഡൈവർ കോഴ്സ്, അഡ്വാൻസ് ഓപ്പൺ വാട്ടർ ഡൈവർ കോഴ്സ്, റെസ്ക്യൂ ഡൈവർ, ഡൈവ്മാസ്റ്റർ കോഴ്സ്, എമർജൻസി ഫസ്റ്റ് റെസ്പോൺസ്, PADI ഇൻസ്ട്രക്ടർ വികസന കോഴ്സ്, ഡിപ്ലോമ ഇൻ ഹെയർ ഡ്രസിംഗ്, ഡിപ്ലോമ ഇൻ പ്രൊഫഷണൽ മേക്കപ്പ്, ഡിപ്ലോമ ഇൻ കോസ്മെറ്റോളജി, ഡിപ്ലോമ ഇൻ ബ്യൂട്ടി തെറാപ്പി എന്നീ കോഴ്സുകളാണ് തൊഴിലധിഷ്ടിത പരിശീലനത്തിനായി സ്‌കിൽ പാർക്കിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
വരും കാലങ്ങളിൽ യുവതീ യുവാക്കൾക്ക് തൊഴിലെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുന്ന തരത്തിലുള്ള വിവിധ പരിപാടികൾ അസാപ് കേരള മറ്റു എജൻസികളുടെ സഹകരണത്തോടെ സംയുക്തമായി ചെറിയ കലവൂർ സ്കിൽ പാർക്കിൽ നടപ്പിലാക്കും. യുവജനങ്ങളുടെ നൈപുണ്യ വികസനത്തിലും, അതുമൂലം തൊഴിൽ വ്യവസായ മേഖലകളിലും വലിയ മാറ്റമാണ് കമ്യൂണിറ്റി സ്കിൽ പാർക്കുകൾ വഴി സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.