അഖില കേരള ചെസ്സ് മത്സരം സംഘടിപ്പിച്ച് ലയൺസ് ക്ലബ്ബ്‌

കൊച്ചി: ലഹരിക്കെതിരെ വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ ലയൺസ് ക്ലബ്ബ്‌ മൾട്ടിപ്പിൾ കൗൺസിലിന്റെ നേതൃത്വത്തിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി അഖില കേരള ചെസ്സ് മത്സരം സംഘടിപ്പിച്ചു. ഇടപ്പള്ളി ട്രിനിറ്റി കാസാ സെന്ററിൽ നടന്ന മത്സരം തൃക്കാക്കര എം.എൽ.എ ഉമാ തോമസ് ഉത്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ്‌ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ അധ്യക്ഷത വഹിച്ചു. വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽനിന്നും വിദ്യാർത്ഥികളെ അകറ്റിനിർത്താൻ ഇത്തരം ടൂർണമെന്റുകൾകൊണ്ട് സാധ്യമാകുമെന്ന് ഉമാ തോമസ് പറഞ്ഞു. “ഏതുതരത്തിലുള്ള ലഹരി ഉപയോഗവും സമൂഹത്തിന് ഭീഷണിയാണ്. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽനിന്നും യുവതലമുറയെ രക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ആ ലക്ഷ്യത്തെ മുൻനിർത്തി, ലയൺസ് ക്ലബ്ബ്‌ മൾട്ടിപ്പിൾ കൗൺസിൽ നടത്തിയ ചെസ്സ് മത്സരം വിനോദമെന്നതിലുപരി വിദ്യാർത്ഥികളുടെ ബുദ്ധി വികാസത്തിനും ഏറെ സഹായകരമാകും.” -അവർ പറഞ്ഞു.

മുൻ ലയണ്‍സ് ഇന്റർനാഷണൽ ഡയറക്ടറും മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്‌റ്റിയുമായ വി. പി. നന്ദകുമാര്‍, സൺറൈസ് ഹോസ്പിറ്റൽ എം.ഡി പർവീൻ ഹഫീസ്, മുൻ വനിതാ കമ്മീഷൻ മെമ്പർ പ്രൊഫ. മോനമ്മ കോക്കാട്ട് എന്നിവർ വിജയികൾക്കുള്ള സമ്മാനവിതരണം ചെയ്തു .

ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ആരുഷ് എ, പത്തനംതിട്ട ഒന്നാം സ്ഥാനവും, അനെക്സ്, തിരുവനന്തപുരം രണ്ടാം സ്ഥാനവും, ദ്രുവ് എസ് നായർ, തിരുവനന്തപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിരഞ്ജന എൻ ഒന്നാം സ്ഥാനവും, അമേയ എ ആർ, തിരുവനന്തപുരം രണ്ടാം സ്ഥാനവും, പ്രാർത്ഥന എസ്, ആലപ്പുഴ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

16 മുതൽ 45 വയസ്സുള്ളവർക്കായി നടത്തിയ ഓപ്പൺ ചെസ്സ് മത്സരത്തിൽ എറണാകുളം ജില്ലയിൽ നിന്നുമുള്ള അഭിജിത് എം, മാർത്താണ്ടൻ കെ.യു, മാർട്ടിൻ സാമൂവൽ എന്നിവർ യഥാക്രമം വിജയികളായി.

ചടങ്ങിൽ ലയണ്‍സ് മള്‍ട്ടിപ്പിള്‍ പി ആര്‍ ഒ ഡോ. സുചിത്രാ സുധീര്‍, ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍മാരായ ഡോ. ബി. അജയകുമാര്‍, ഡോ. ബിനോ ഐ. കോശി, ഡോ. ബീനാ രവികുമാര്‍, ടോണി ഏനോക്കാരൻ, ടി. കെ. രജീഷ്, മുന്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശിവാനന്ദന്‍, ഡിസ്ട്രിക്ട് പി ആര്‍ ഒമാരായ അഡ്വ. ആര്‍. മനോജ് പാലാ, സുനിതാ ജ്യോതിപ്രകാശ്, മാര്‍ട്ടിന്‍ ഫ്രാന്‍സിസ്, ഫെബിനാ അമീര്‍, മോനമ്മ കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *