പൂജവെപ്പ് പ്രമാണിച്ച്‌ ഒക്ടോബര്‍ മൂന്നിന് വിദ്യാലയങ്ങള്‍ക്ക് അവധി വേണം: എന്‍ടിയു

നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെപ്പ് ഒക്ടോ. രണ്ടിന് നടക്കുന്നതിനാല്‍ മൂന്നാം തീയതി തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ഭാരവാഹിയോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

അഷ്ടമിനാളിലെ സന്ധ്യാസമയത്ത് ഗ്രന്ഥങ്ങള്‍ പൂജവെക്കുന്നതാണ് മലയാളികള്‍ പിന്തുടരുന്ന ആചാരം. ഒക്ടോ. 3ന് സന്ധ്യക്ക് മുമ്ബേ അഷ്ടമി അവസാനിക്കുന്നതിനാല്‍ ഇത്തവണ പൂജവെപ്പ് ഒക്ടോ. 2 നാണ് നടക്കുക. നവരാത്രി – പൂജവെപ്പ് – വിദ്യാരംഭ ചടങ്ങുകള്‍ക്ക് പ്രസിദ്ധമായ ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് അടക്കമുള്ള ക്ഷേത്രങ്ങളില്‍ ഈ രീതിയിലാണ് തീരുമാനിച്ചിരിക്കുന്നത്.

ഈ വിഷയത്തില്‍ ആധികാരികമായി അഭിപ്രായം പറയാന്‍ കഴിവുള്ള തന്ത്രി സമാജം പോലുള്ള സംഘടനകളും പ്രമുഖ ജ്യോതിഷ പണ്ഡിതന്മാരും ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരവും പൂജവെപ്പ് ഒക്ടോ. 2 ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഒക്ടോ. 3 പ്രവൃത്തി ദിനവുമായി രേഖപ്പെടുത്തിയിരിക്കുന്നു.

വിശ്വാസികള്‍ 2 ന് ഗ്രന്ഥങ്ങള്‍ പൂജവെച്ച ശേഷം 3 ന് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം അനുചിതവും ആചാരലംഘനവുമാണ്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെട്ട് 3 -ാം തിയതി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിക്കണമെന്ന് എന്‍ടിയു ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *