അധ്യാപകന്റെ ക്രൂരമര്‍ദ്ദനത്തിൽ ദളിത് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; യു.പിയില്‍ വ്യാപക പ്രതിഷേധം


ഉയര്‍ന്ന സമുദായത്തിലെ അധ്യാപകന്റെ മര്‍ദ്ദനത്തില്‍ ദളിത് വിദ്യാര്‍ത്ഥി മരിച്ചതില്‍ ഉത്തര്‍പ്രദേശില്‍ വ്യാപക പ്രതിഷേധം.ഓറയ്യ ജില്ലയിലാണ് സംഭവം. സ്‌പെല്ലിംഗ് തെറ്റിച്ചതിന് നിഖിത് ദോറെ എന്ന 15കാരനെയാണ് അധ്യാപകനായ അശ്വിനി സിംഗ് മര്‍ദ്ദിച്ചത്. സെപ്തംബര്‍ ഏഴിനായിരുന്നു സംഭവം. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നിഖിത് ദോറെ ശനിയാഴ്ച രാത്രി മരണമടഞ്ഞു. ഇതിനു പിന്നാലെ പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് ഇയര്‍ന്നിരിക്കുന്നത്.


ശനിയാഴ്ച രാത്രി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. എന്നാല്‍ ആരോപണ വിധേയനായ അധ്യാപകനെ അറസ്റ്റു ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കാണിച്ച്‌ വീട്ടുകാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഭീം ആര്‍മി എന്ന സംഥനയില്‍ പ്രവര്‍ത്തകരാണ് വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍. മൃതദേഹവുമായി സ്‌കൂളിനു മുന്നില്‍ പ്രതിഷേധവും നടന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നല്‍കിയ ഉറപ്പുകളെ തുടര്‍ന്നാണ് മൃതദേഹം സംസ്‌കരിച്ചത്.

online news portal

അധ്യാപകന്‍ ഒളിവിലാണ്. സാമൂഹിക ശാസ്ത്ര പരീക്ഷയില്‍ നിഖിത് ദോറ അക്ഷരത്തെറ്റ് വരുത്തിയെന്ന് കാണിച്ച്‌ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍ പറയുന്നു. അധ്യാപകന്‍ വടിയും ഇരുമ്ബുദണ്ഡും ഉപയോഗിച്ച്‌ നിഖിതിനെ അടിച്ചുവെന്നും തൊഴിച്ചുവെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. ബോധരഹിതനായി വീണ വിദ്യാര്‍ത്ഥിയെ പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കുട്ടിയുടെ ചികിത്സയ്ക്കായി അധ്യാപകന്‍ രണ്ട് തവണയായി 40,000 രൂപ നല്‍കി. എന്നാല്‍ പിന്നീട് ഫോണ്‍ എടുക്കാതെയായെന്നും പിതാവ് പറയുന്നു. എന്നാല്‍ അധ്യാപകനെ നേരിട്ട് സമീപിച്ചതോടെ ജാതീയമായി അധിക്ഷേപിച്ചുവെന്നും പിതാവ് പറയുന്നു. ഇദ്ദേഹത്തിന്റെ പരാതിയില്‍ അധ്യാപകനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യം തടയുന്ന നിയമപ്രകാരം കേസെടുത്തു.