ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കരുതെന്ന് സുപ്രീം കോടതി. സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് മാത്രമേ ഫീസ് ഈടാക്കാന്‍ പാടുള്ളൂവെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി തേടിക്കൊണ്ട് വിവിധ സ്വാശ്രയ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
കഴിഞ്ഞ ദിവസം ഫീസ് വര്‍ദ്ധന സംബന്ധിച്ച് നിലപാടറിയിക്കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഫീസ് വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് കാണിച്ച് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച് മാത്രമേ ഫീസ് ഈടാക്കാവൂ എന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സുപ്രീം കോടതി ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള അനുമതി നിഷേധിച്ചത്.
കഴിഞ്ഞ ദിവസം കേസില്‍ വാദം കേട്ട സുപ്രീം കോടതി, സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്തുന്നത് വിലക്കിയിരുന്നു. സര്‍ക്കാര്‍ പ്രവേശന പരീക്ഷ നടത്തി തയ്യാറാക്കിയ ലിസ്റ്റില്‍ നിന്ന് വേണം മാനജ്‌മെന്റ് ക്വാട്ടയിലേയ്ക്കും പ്രവേശനം നടത്താനെന്നും കോടതി പറഞ്ഞിരുന്നു.