ശബരിമല തീർത്ഥാടനം; പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി. മണ്ഡല- മകരവിളക്ക് ഉത്സവങ്ങളോട് അനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കർശനസുരക്ഷ ഏർപ്പെടുത്തുന്നതിന് പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ തീർത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ സന്നിധാനത്ത് മാത്രമായി 265 പൊലീസ് ഉദ്യോഗസ്ഥരെയും പമ്പയിലും നിലക്കലുമായി 190 പൊലീസ് ഉദ്യോഗസ്ഥരെയും നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭീകരവാദികളോ മാവോയിസ്റ്റുകളോ വേഷം മാറിയെത്താൻ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിനെ അടിസ്ഥാനമാക്കിയാണ് സുരക്ഷ കൂടുതൽ ശക്തമാക്കിയത്. സംശയമുള്ളവരുടെ ഇരുമുടിക്കെട്ട് ഉൾപ്പെടെ പരിശോധിക്കും.

നവംബർ 15 മുതൽ 30 വരെയുള്ള ആദ്യഘട്ടത്തിൽ കൊല്ലം ക്രൈംബ്രാഞ്ച് എസ്പി പ്രേംകുമാർ ആണ് സന്നിധാനത്തെ പൊലീസ് കൺട്രോളർ. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ.വി സന്തോഷ് പമ്പയിലും പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി കെ. സലിം നിലയ്ക്കലും പൊലീസ് കൺട്രോളർമാർ ആയിരിക്കുമെന്നും അനിൽകാന്ത് അറിയിച്ചു.

നവംബർ 30 മുതൽ ഡിസംബർ 14 വരെ സന്നിധാനത്ത് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലും പമ്പയിൽ പൊലീസ് ആസ്ഥാനത്തെ അഡീഷണൽ എഐജി ആനന്ദ് ആറും നിലയ്ക്കലിൽ ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടർ എസ്പി കെ.വി മഹേഷ്ദാസും പൊലീസ് കൺട്രോളർമാരുടെ ചുമതല വഹിക്കും.

ഡിസംബർ 14 മുതൽ 26 വരെ സന്നിധാനത്ത് ആലപ്പുഴ ക്രൈംബാഞ്ച് എസ്പി പ്രശാന്തൻ കാണി കെബിയും പമ്പയിൽ നെടുമങ്ങാട് എഎസ്പി രാജ്പ്രസാദും നിലയ്ക്കലിൽ എറണാകുളം ക്രൈംബ്രാഞ്ച് എസ്പി എം.ജെ സോജനും പൊലീസ് കൺട്രോളർമാരായിരിക്കും. ഡിസംബർ 29 മുതൽ ജനുവരി ഒൻപതു വരെ സന്നിധാനത്ത് സ്‌പെഷ്യൽ സെൽ എസ്പി ബി. കൃഷ്ണകുമാറും പമ്പയിൽ തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്പി ബിജുമോൻ ഇ.എസ്, നിലയ്ക്കലിൽ ടെലികമ്മ്യൂണിക്കേഷൻ എസ്പി ആമോസ് മാമ്മൻ എന്നിവരുമാണ് പൊലീസ് കൺട്രോളർമാർ.

ജനുവരി ഒമ്പത് മുതൽ 20 വരെ സന്നിധാനത്ത് പൊലീസ് കൺട്രോളർ എസ്എപി കമാണ്ടന്റ് അജിത് കുമാർ ബിയും പമ്പയിൽ ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി വി. കുര്യാക്കോസും നിലയ്ക്കലിൽ പൊലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ കെ.എൽ ജോൺകുട്ടിയും പൊലീസ് കൺട്രോളർമാരായിരിക്കും.

ശബരിമല സ്‌പെഷ്യൽ ലയിസൺ ഓഫീസറായി പത്തനംതിട്ട എസ്.പി ആർ. നിശാന്തിനിയെയും നിയോഗിച്ചിട്ടുണ്ട്. വിർച്യുൽ ക്യുവിന്റെ ചുമതല ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥിനാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *