കാനറാ ബാങ്കിൽ നിന്ന് പുറപ്പെട്ടു ….കെ.എസ് .ഇ .ബിയിൽ എത്തിയില്ല…

വടകര:ഇല്ലത്തൂന്ന് പുറപ്പെട്ടിട്ടുണ്ട് ,അമ്മാത്തൊട്ടെത്തിയിട്ടുമില്ല എന്നുപറഞ്ഞതൂപോലെ രണ്ടുവർഷമായിട്ടും എവിടെയോ കറങ്ങിനടക്കുകയാണ് ഒരു കറണ്ട് ബിൽത്തുക.വടകരയിലെ കാനറ ബാങ്കും കെ.എസ് .ഇ.ബിയുമാണ് ഉണ്ണിയെക്കാണാനില്ലേ എന്ന് ഉപഭോക്താവിനെ വട്ടംകറക്കുന്നത് .
2019 ആഗസ്തിലാണ് വടകര മേപ്പയിൽ പ്രശാന്തിനഗറിൽ കാർത്തിക നിവാസിലെ രാമചന്ദ്രൻ കാനറാബാങ്കിന്റെ വടകര ശാഖയിൽ വൈദ്യൂതിബിൽത്തുകയായ 4936 രൂപ 88 പൈസ ബാങ്കിന്റെ ഡിജിറ്റൽ കാർഡുപയോഗിച്ച് അടച്ചത് .എന്നാൽ നാളിതുവരെയായിട്ടും ആ തുക കെ.എസ് .ഇ.ബിയുടെ അക്കൗണ്ടിൽ ക്രെഡിറ്റായിട്ടില്ലെന്നാണ് കെ.എസ് .ഇ.ബിയുടെ നിലപാട് .കാനറാബാങ്കിന്റെ ഡിജിറ്റൽ കാർഡുപയോഗിച്ചാണ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിരാ ചന്ദ്രന്റെ അക്കൗണ്ടിൽ നിന്ന് ഈ തുക കെ .എസ് . ഇ.ബിയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം വഴി അടച്ചത് .കെ.എസ് ഇ.ബിയിൽ നിന്ന് വന്ന നോട്ടീസുമായി കാനറാ ബാങ്കീനെ സമീപിച്ചപ്പോൾ പഴയ മാനേജർ മാറി പുതിയ മാനേജർ ചാർജെടുത്തിരുന്നു.അദ്ദേഹത്തോട് കാര്യം അവതരിപ്പിച്ചപ്പോൾ അന്വേഷിച്ചിട്ട് ഒരു കത്ത് അയക്കാമെന്നായി..93 ദിവസത്തിനുശേഷം കിട്ടിയ കത്തിലും ആ തുക ബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് കെ.എസ് .ഇ.ബിയിലേക്ക് പോയി എന്നാണ് പറയുന്നത് .എന്നാൽ അക്കൗണ്ടിൽ കറണ്ട് ബില്ല് ക്രെഡിറ്റായില്ലെന്ന് പറഞ്ഞ് കെ.എസ് .ഇ .ബിയിൽ നിന്ന് വീണ്ടും കണക്ഷൻ വിച്ഛേദിക്കാൻ ആളു വന്നു.വീണ്ടും കാനറാ ബാങ്കിനെ സമീപിച്ചപ്പോൾ ഇവിടെയിനി ഒന്നും ചെയ്യാനില്ല എന്നാണ് മറുപടി.ഇത് ഇക്കഴിഞ്ഞ രണ്ടുവർഷമായി ആവർത്തീച്ചൂകൊണ്ടേയിരിക്കുകയാണ് .അതിനിടയിൽ പലതവണ വൈദ്യുതി വിച്ഛേദിക്കുമെന്ന ഭീഷണിയും നേരിടുകയാണ് രാമചന്ദ്രനും കുടുംബവും.മാത്രമല്ല,5000രൂപ വീണ്ടും അടയ്ക്കാനാണ് കെ.എസ് ഇ ബി ആവശ്യപ്പെടുന്നത് .ഇതുവരെയായി വൈദ്യുതീബിൽ ഒരു തവണപോലും മുടക്കാതെ അടക്കുന്ന ഒരു കുടുംബമാണ് കഴിഞ്ഞ രണ്ടുവർഷമായി അടച്ച തുക എങ്ങോട്ടൂപോയെന്നറിയാതെ ബാങ്കിനും കെ എസ് ഇ ബിക്കൂമിടയിൽ നെട്ടോട്ടമോടുന്നത് .

ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കാര്യങ്ങൾ സാധിക്കാമെന്നിരിക്കേ എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് പരിശോധിക്കാനൂള്ള സന്മനസുകാണിക്കാതെ ഉപഭോക്താവിനെ വട്ടംകറക്കിക്കൊണ്ടിരിക്കുകയാണ് ബാങ്കും കെ എസ് ഇ ബിയും.ആരെയാണ് നമ്മൾ പ്രതിക്കൂട്ടിൽ നിർത്തേണ്ടത് ?അതിനൂതന ഡിജിറ്റൽ സംവിധാനങ്ങളേയോ അത് കാര്യക്ഷമമായി വിനിയോഗിക്കാതെ ഉപഭോക്താവിനെ വട്ടംകറക്കുന്ന സർക്കാർ സംവിധാനങ്ങളേയോ?

Spread the love

Leave a Reply

Your email address will not be published. Required fields are marked *