ചുവന്ന മുണ്ടുടുത്തതിന്റെ പേരില്‍ തെയ്യം കാണാനെത്തിയ വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി. കാഞ്ഞങ്ങാട് പറക്കളായിയില്‍ തെയ്യം കാണാനെത്തിയ പെണ്‍കുട്ടി അടക്കമുള്ളവരെയാണ് ആര്‍.എസ്.എസ്.പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് സംഭവം. മാധ്യമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള അഞ്ചംഗ വിദ്യാര്‍ഥികളാണ് ഇതര ജില്ലയില്‍ നിന്നും തെയ്യം കാണുന്നതിന് വേണ്ടി കാഞ്ഞങ്ങാടെത്തിയത്.
ഇതില്‍ ആണ്‍കുട്ടികള്‍ ചുവന്ന മുണ്ടാണ് ഉടുത്തിരുന്നത്. കോഴിക്കോട് സ്വദേശി രാഹുല്‍ മുല്ലേരി, പാലക്കാട് സ്വദേശിനിയും മാധ്യമ വിദ്യാര്‍ഥിനിയുമായ ശ്രീലക്ഷ്മി, തിരുവനന്തപുരം സ്വദേശി ജെഫ്രിന്‍ ജെറാള്‍ഡ്, കാസര്‍ക്കോട് സ്വദേശി നവജിത് എന്നിവരെയാണ് മുപ്പതോളം പേര്‍ വരുന്ന ആര്‍.എസ്.എസ് സംഘം വളഞ്ഞിട്ടു മര്‍ദിച്ചത്. നടന്ന സംഭവം മാധ്യമ പ്രവര്‍ത്തകരെയോ, പൊലിസിനെയോ അറിയിച്ചാല്‍ കൊന്നു കളയുമെന്നും സംഘം ഇവരെ ഭീഷണിപ്പെടുത്തി. മണിക്കൂറുകളോളം ഇവരെ തടവിലാക്കിയതായും പറയുന്നു.

സംഭവത്തില്‍ ജെഫ്രിന്‍ ജെറാള്‍ഡിന് വാരിയെല്ലിനും കൈക്കും ചതവുണ്ട്. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലാണ്.
നവജിതിന്റെ അമ്മയ്ക്ക് മരുന്ന് കൊടുക്കാന്‍ പോകുമ്പോള്‍ മുപ്പതോളം വരുന്ന സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് ജെഫ്രിന്‍ പറയുന്നു. ഇയാളുടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ ജെഫ്രിന്‍ വെളിപ്പെടുത്തിയത്. ചുവന്ന മുണ്ട് ഉടുത്തുവന്ന ജെഫ്രിനോട് ആര്‍.എസ്.എസ്.പ്രവര്‍ത്തകര്‍ മുണ്ട് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ തന്നെ ഇവര്‍ മര്‍ദിച്ചെന്നുമാണ് ജെഫ്രി പറയുന്നത്. ഇതു തടയാന്‍ ശ്രമിച്ച സുഹൃത്തുക്കളെ തല്ലുകയും നവജിത്തിന്റെ അമ്മയെ സംഘം തള്ളിയിട്ടതായും ജെഫ്രിന്‍ പൊലിസിനു മൊഴി നല്‍കി.













