RRR ‘നാട്ടു നാട്ടു’ മികച്ച ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം

ലോകപ്രശസ്തമായ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരവേദിയില്‍ ചരിത്രമെഴുതി ഇന്ത്യന്‍ സിനിമ. എസ് എസ് രാജമൗലിയുടെ RRR സിനിമയിലെ ‘നാട്ടു നാട്ടു’ ഏറ്റവും മികച്ച ഗാനത്തിനുള്ള 2023ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം നേടി.പ്രശസ്ത സംഗീതസംവിധായകന്‍ എം എം കീരവാണിയാണ് ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയത്. വേര്‍ ദി ക്രോഡാഡ്‌സ് സിംഗില്‍ നിന്നുള്ള ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ കരോലിന, ഗില്ലെര്‍മോ ഡെല്‍ ടോറോയുടെ പിനോച്ചിയോയില്‍ നിന്നുള്ള സിയാവോ പാപ്പ, ടോപ്പ് ഗണ്ണില്‍ നിന്നുള്ള ലേഡി ഗാഗയുടെ ഹോള്‍ഡ് മൈ ഹാന്‍ഡ്: മാവെറിക്ക്, ലിഫ്റ്റ് മി അപ്പ് ഫ്രം ബ്ലാക്ക് പാന്തര്‍: വക്കണ്ട ഫോറെവര്‍ എന്നിവയെ പിന്തള്ളിയാണ് ആര്‍ആര്‍ആറിലെ ഗാനം പുരസ്ക്കാരം നേടിയത്.

പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എ ആര്‍ റഹ്മാനാണ് മുമ്ബ് പുരസ്കാരം നേടിയത്.ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച സഹനടനുള്ള പുരസ്കാരം എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന സിനിമയിലെ അഭിനയത്തിന് കീ ഹുയ് ഹ്വാന്‍ നേടി. ഏഞ്ചല ബാസെറ്റ് ആണ് മികച്ച സഹനടി. ബ്ലാക്ക് പാന്തര്‍: വക്കാണ്ട ഫോറെവര്‍ എന്ന സിനിമയിലെ അഭിനയമാണ് ഏഞ്ചലയെ പുരസ്കാരത്തിനര്‍ഹയാക്കിയത്.

RRR-നെ ഗോള്‍ഡന്‍ ഗ്ലോബ്സില്‍ പ്രതിനിധീകരിച്ച്‌ എസ്‌എസ് രാജമൗലി, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ഭാര്യ ഉപാസന കാമിനേനി എന്നിവരും എത്തിയിരുന്നു. 1920-കളിലെ ബ്രിട്ടീഷ് അധിനിവേശ ഇന്ത്യ പശ്ചാത്തലമാക്കിയുള്ള ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണും സ്വാതന്ത്ര്യ സമര സേനാനികളായ കൊമരം ഭീമിനെയും അല്ലൂരി സീതാരാമരാജുവിനെയും അവതരിപ്പിക്കുന്നു. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും ബ്രിട്ടീഷ് അഭിനേതാക്കളായ റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി, ഒലിവിയ മോറിസ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.

ആഗോളതലത്തില്‍ 1,200 കോടി രൂപയിലധികം കളക്ഷന്‍ നേടിയ RRR, ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിളില്‍ മികച്ച സംവിധായകനുള്ളത് ഉള്‍പ്പടെ നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. RRRന് വിവിധ വിഭാഗങ്ങളില്‍ ഓസ്ക്കാര്‍ നോമിനേഷനായി സമര്‍പ്പിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *