ജാതി സെന്‍സസ് വിഷയത്തില്‍ നിതീഷിനെ പിന്തുണച്ച് ആര്‍.ജെ.ഡി

ജാതി സെന്‍സസ് വിഷയത്തില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് രാഷ്ട്രീയ ജനതാദള്‍ പിന്തുണ വാഗ്ദാനം ചെയ്തു. ”സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഞങ്ങള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അഭ്യര്‍ത്ഥിക്കുന്നു. ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും അതിന് തയ്യാറാണ്. നിങ്ങള്‍ ഈ വിഷയത്തില്‍ മുന്നോട്ട് പോയി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍, ഞങ്ങളുടെ പാര്‍ട്ടിയും തേജസ്വി പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ മഹാസഖ്യവും നിങ്ങളോടൊപ്പം നില്‍ക്കും,” ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് ജഗദാനന്ദ് സിംഗ് പറഞ്ഞു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) സര്‍ക്കാരിലെ ബിജെപി മാത്രമാണ് ജാതി സെന്‍സസിനെ ഔദ്യോഗികമായി പിന്തുണക്കാത്തത് .ബിഹാറില്‍ ജാതി സെന്‍സസ് നടത്തുന്നതിനുള്ള വഴികളും മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യാന്‍ നിതീഷ് ആസൂത്രണം ചെയ്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരു മാസമാണ് നിതീഷ് കാത്തിരുന്നത്.

ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, യൂണിഫോം സിവില്‍ കോഡ്, മുത്തലാഖ്, പൊതുസ്ഥലങ്ങളിലെ നമസ്‌കാര നിരോധനം, ജനസംഖ്യാ നിയന്ത്രണ നയം തുടങ്ങി നിരവധി വിഷയങ്ങളില്‍ ബി.ജെ.പിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ച ജെ.ഡി.യുവിനോട് അടുക്കുന്നതിനുള്ള സന്നദ്ധതയാണ് ആര്‍.ജെ.ഡി വാഗ്ദാനത്തില്‍ തെളിയുന്നത്.

2020ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും പരാജയം ഏറ്റുവാങ്ങി പിന്‍വാതിലിലൂടെ അധികാരത്തിലെത്താനുള്ള ആര്‍ജെഡിയുടെ തന്ത്രമാണ് ഈ നീക്കമെന്ന് ബിജെപി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *